കൊച്ചി: ആരാധകര്‍ നെഞ്ചിലേറ്റിയ ഇവാന്‍ വുകോമനോവിച്ചിന് പകരക്കാരനായാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സ്വീഡനില്‍ നിന്ന് മൈക്കല്‍ സ്റ്റാറേയെ കൊച്ചിയിലെത്തിച്ചത്. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഓഫര്‍ നല്‍കിയ ആദ്യ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് അല്ലെന്ന് വെളിപ്പെടുത്തുകയാണ് സ്റ്റാറേ.
ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് വിജയ ദാഹമുണ്ടെന്നും സ്വീഡിഷ് പരിശീലകന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”എനിക്ക് ഐഎസ്എല്ലിലെ തന്നെ മറ്റു ചില ക്ലബുകളില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് സമീപിച്ചപ്പോള്‍ ഓഫര്‍ സ്വീകരിക്കാന്‍ തനിക്ക് ചില കാരണങ്ങളും ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് വിജയ ദാഹമുണ്ട്. കൊച്ചി സ്റ്റേഡിയത്തിലെ കാണികള്‍ക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് താനും. താന്‍ എല്ലാ കാര്യങ്ങളും തുറന്ന മനസ്സോടെ സമീപിക്കുന്നയാളാണ്.” പരിശീലകനായുള്ള തന്റെ മന്ത്രം എന്തെന്നും ആരാധകരോട് തുറന്നു പറയുകയാണ് മൈക്കല്‍ സ്റ്റാറേ.
തിരുവോണ നാളില്‍ പഞ്ചാബ് എഫ് സിയാണ് എതിരാളികള്‍. നല്ല ദിവസം ജയിച്ചുതുടങ്ങാനാണ് ബ്ലാസ്റ്റേഴ്‌സും കൊതിക്കുന്നത്. കൊച്ചിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സ്വന്തം തട്ടകത്തില്‍ ആദ്യപോരിനിറങ്ങുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ കരുത്തും ആത്മവിശ്വാസവും ഇരട്ടിയാക്കുമെന്നുറപ്പ്. അഡ്രിയന്‍ ലൂണയെയും സംഘത്തേയും മാത്രമല്ല, ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആരവങ്ങള്‍കൂടി മറികടന്നാലെ പഞ്ചാബിന് പ്രതീക്ഷയ്ക്ക് വകയുള്ളൂ.
ടീം വിട്ടുപോയ ദിമിത്രിയോസ് ഡയമന്റക്കോസ്, ജീക്‌സണ്‍ സിംഗ്, മാര്‍കോ ലെസ്‌കോവിച്ച് തുടങ്ങിയവരുടെ അഭാവം അലക്‌സാണ്ടര്‍ കോയെഫും നോഹ സദോയിയും ജീസസ് ജിമിനെസുമെല്ലാം മറികടക്കുമെന്നാണ് മഞ്ഞപ്പടയുടെ പ്രതീക്ഷ.
ഒപ്പം ഓള്‍റൗണ്ട് മികവുമായി നായകന്‍ അഡ്രിയന്‍ ലൂണയും മലയാളി താരങ്ങളായ കെ പി രാഹുലും വിബിന്‍ മോഹനനും ഗോളി സച്ചിന്‍ സുരേഷും.