കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ പ്രകടനത്തോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന പാര്‍ട്ടിയായി മാറും. സ്വന്തമായി ചിഹ്നവും ലഭിക്കും. കേരള കോണ്‍ഗ്രസുകളുടെ തട്ടകമായ കോട്ടയത്ത് ജോസഫ് ഇതോടെ ആധിപത്യം ഉറപ്പിച്ചു. 2010 ല്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതു മൂലം നഷ്ടമായ രാഷ്ട്രീയ അസ്തിത്വവും തിരികെ കിട്ടി എന്നാണ് വിലയിരുത്തപ്പെടുന്നത്.
ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാര്‍ട്ടിയായിരുന്നു. 2019 ല്‍ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോള്‍ സംസ്ഥാന പാര്‍ട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായ അവസ്ഥ. പിളര്‍പ്പിനു പിന്നാലെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് 2 സീറ്റില്‍ മാത്രം. 4 സീറ്റ് ലഭിച്ചിരുന്നെങ്കില്‍ സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കുമായിരുന്നു.
2010 ലെ ലയന സമയത്ത് സൈക്കിളായിരുന്നു പാര്‍ട്ടിയുടെ ചിഹ്നം. സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളില്‍ ഏതെങ്കിലുമൊന്നു നേടിയാല്‍ മതി. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4 സീറ്റെങ്കിലും ലഭിക്കണം. അല്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെപ്പില്‍ ഒരു സീറ്റെങ്കിലും ജയിക്കണം. ജോസ് കെ.മാണി വിഭാഗത്തിനു നിലവിലെ നിയമസഭയില്‍ 5 അംഗങ്ങളുള്ളതിനാല്‍ കോട്ടയത്തെ പരാജയം മൂലം അവരുടെ സംസ്ഥാന പാര്‍ട്ടി പദവിക്ക് കോട്ടം തട്ടില്ല. 2019 ലെ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ വിജയിച്ചതിനാല്‍ ആര്‍എസ്പി കേരളത്തില്‍ സംസ്ഥാന പാര്‍ട്ടിയാണ്. ഈ പദവി നിലനിര്‍ത്താന്‍ കൊല്ലത്തെ വിജയത്തോടെ ആര്‍എസ്പിക്ക് കഴിഞ്ഞു.