കൊച്ചി: നടന്മാരായ മുകേഷിനും ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ലൈംഗിക പീഡന കേസിൽ വാദം കേട്ടത്. കഴിഞ്ഞ രണ്ടുദിവസം അടച്ചിട്ട കോടതിയിൽ നടന്ന വിശദമായ വാദത്തിനൊടുവിലാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധിയുണ്ടായിരിക്കുന്നത്.
ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത്. വിശദ വാദത്തിനൊടുവിലാണ് മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നതിനായി അഞ്ചാംതീയതിയിലേക്ക് മാറ്റിയത്.
Also Read: ‘നിവിൻ പോളിക്കെതിരായ ആരോപണം വ്യാജം’: വിനീത് ശ്രീനിവാസൻ
നടൻ ഇടവേള ബാബു, ലോയേഴ്‌സ് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ചന്ദ്രശേഖർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വരുന്നതുവരെ പ്രതികളുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു.
2009-ലാണ് സംഭവം നടന്നതെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ഉറച്ച നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്.
Also Read: എസ്‌പി സുജിത് ദാസിന് സസ്പെൻഷൻ
അതേസമയം ലൈംഗികാതിക്രമ കേസിലെ പ്രതിയായ എംഎൽഎ മുകേഷിനെ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് മാറ്റി. നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസെടുത്തതിന് പിന്നാലെ സമിതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യം ശക്തമായി ഉയർന്നിരുന്നു.
Also Read: നിവിനെതിരായ പീഡനാരോപണം പൊളിയുന്നു; കൊച്ചിയിലെ ഹോട്ടല്‍ ബില്‍ പുറത്ത്
ലൈംഗികാതിക്രമ കേസിലെ പ്രതിയെ നയ രൂപീകരണ സമിതിയിൽ ഉൾപ്പെടുത്തുന്നത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുൺ, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, മഞ്ജു വാര്യർ, ബി ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.