തൃശൂർ: മഴക്കാലത്ത് ക്ഷീരകർഷകർക്ക് സഹായമായി കാലിത്തീറ്റക്ക് ചാക്കൊന്നിന് 50 രൂപ വരെ ഇളവ് നൽകാൻ കേരള ഫീഡ്സ് തീരുമാനിച്ചു. ഇത് ബുധനാഴ്ച പ്രാബല്യത്തിൽ വന്നു. കേരള ഫീഡ്സ് ഡെയറി റിച്ച് പ്ലസ് കാലിത്തീറ്റക്ക് 45 കിലോ ചാക്കിന് 50 രൂപയും 50 കിലോ തൂക്കമുള്ള കേരള ഫീഡ്സ് മിടുക്കി, കേരള ഫീഡ്സ് എലൈറ്റ് എന്നിവക്ക് യഥാക്രമം 40, 25 രൂപയുമാണ് കിഴിവ്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്കിഴിവ് തുടരുമെന്നും കേരള ഫീഡ്സ് എം.ഡി ഡോ. ബി. ശ്രീകുമാർ അറിയിച്ചു.
ഏതാനും നാളായി പല കാരണങ്ങളാൽ സംസ്ഥാനത്ത് ക്ഷീരോൽപാദനത്തിൽ ഗണ്യമായ കുറവുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം ക്ഷീരകർഷകരുടെ വരുമാനം ഇടിഞ്ഞു. ഉയർന്ന ഉൽപാദനച്ചെലവ് മൂലം വലിയ വിഭാഗം ക്ഷീരകർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിരവധി പേർ ഈ മേഖലയിൽനിന്ന് വിട്ടുനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിലക്കിഴിവ് അനുവദിക്കുന്നത്.
പോഷകങ്ങൾ അടങ്ങിയ പ്രത്യേക കാലിത്തീറ്റയായ കേരള ഫീഡ്സ് മഹിമ ഈമാസം പകുതിയോടെ വിപണിയിലിറക്കും. 20 കിലോ തൂക്കമുള്ള ഒരു ചാക്കിന് 540 രൂപയാണ് വില. കന്നുകുട്ടിയുടെ ശരിയായ വളർച്ച ഉറപ്പാക്കുകയും കൃത്യസമയത്ത് ഇവക്ക് പ്രായപൂർത്തിയായി മദലക്ഷണം പ്രകടമാക്കാനും സഹായിക്കുന്ന പോഷകങ്ങളാണ് ഇതിലുള്ളത്.