ന്യൂഡൽഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണ്ണ കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റണം എന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജി ആറ് ആഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിയത്.
ഇതിനിടെ ട്രാൻസ്ഫർ ഹർജി നിരന്തരം മാറ്റി വയ്പ്പിക്കുക ആണെന്ന് സ്വപ്ന സുരേഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആർ കൃഷ്ണ രാജ് സുപ്രീം കോടതിയിൽ ആരോപിച്ചു. തുടർന്ന് നിങ്ങൾ മുറിവിൽ ഉപ്പ് തേക്കുകയാണോ എന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ഹൃഷികേശ് റോയ് ആരാഞ്ഞു.
Also Read: യുദ്ധത്തെ മുന്നില്‍കണ്ട് നോര്‍ഡിക് രാജ്യങ്ങള്‍; കരുതിയിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം
ഹർജി ഇന്ന് പരിഗണനയ്ക്ക് എടുത്തപ്പോൾ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ് വി രാജുവിന്റെ അസൗകര്യം കണക്കിലെടുത്ത് മറ്റൊരു ദിവസത്തേക്ക് ഹർജി പരിഗണിക്കാൻ മാറ്റണം എന്നും ഇഡി യുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണയും അഡീഷണൽ സോളിസിറ്റർ ജനറലിന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി മാറ്റി വയ്ക്കണം എന്ന് ഇഡിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നത്. ഇന്നും ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ ഹർജിയിൽ ഇഡിക്ക് താത്പര്യം നഷ്ടപെട്ടുവോ എന്ന ചോദ്യം സുപ്രീം കോടതി വീണ്ടും ആവർത്തിച്ചു.
ട്രാൻസ്ഫർ ഹർജിയിൽ ഇഡിക്ക് താത്പര്യം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായതായി സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനീയർ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ ആരോപിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി കപിൽ സിബലിന് പുറമെ സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും ഹാജർ ആയി. ഹർജി ഇനി അടുത്ത വർഷമേ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാൻ സാധ്യത ഉള്ളു.