ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനൊരുങ്ങി സാംസ്കാരിക വകുപ്പ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനൊരുങ്ങി സാംസ്കാരിക വകുപ്പ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനൊരുങ്ങി സാംസ്കാരിക വകുപ്പ്

തിരുവനന്തപുരം∙ ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് 5 വർഷത്തിനു മുൻപ് ജസ്റ്റിസ് ഹേമ കമ്മിറ്റി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവിടാൻ തീരുമാനം.

സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നിർദേശ പ്രകാരം വിവാദ ഭാഗങ്ങൾ ഒഴിവാക്കിയാകും സാംസ്കാരിക വകുപ്പ് റിപ്പോർട്ട് പുറത്തുവിടുക. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടവരോട് ഈ മാസം 24ന് ഹാജരാകാനാണ് സാംസ്കാരിക വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച നോട്ടിസ് കൈമാറി.

വിവരം തേടിയ വ്യക്തികൾ‌ക്ക് റിപ്പോർട്ടിന്റെ പകർപ്പു നൽകാൻ സാംസ്കാരിക വകുപ്പ് പലവട്ടം വിസമ്മതിച്ചിരുന്നു. ഇതോടെ മാധ്യമപ്രവർത്തകർ അപ്പീലുമായി വിവരാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ.ഹക്കിം റിപ്പോർട്ട് തേടി. ഒരുപാടു പേരുടെ വ്യക്തിവിവരങ്ങൾ ഉള്ളതിനാൽ നൽകാനാവില്ലെന്ന് സാംസ്കാരിക വകുപ്പ് മറുപടി നൽകി. കമ്മിഷണർ നടത്തിയ തെളിവെടുപ്പിൽ വകുപ്പ് പ്രതിനിധികൾ നിലപാട് ആവർത്തിച്ചു. അത്തരം വിവരം ഒഴികെയുള്ളവ നൽകാനാണ് അപ്പീൽ എന്ന് കമ്മിഷണർ ഓർമിപ്പിച്ചു.

വകുപ്പു സെക്രട്ടറി ഫയൽ മന്ത്രി ഓഫിസിലേക്ക് അയച്ചതായും അതുകൊണ്ട് വിവരം നൽകിയില്ലെന്നും രണ്ടാമത്തെ തെളിവെടുപ്പിൽ ഉദ്യോഗസ്ഥർ ബോധിപ്പിച്ചു. വിശദീകരണത്തിന്റെ സാധുത കമ്മിഷനു നേരിട്ടു പരിശോധിക്കണമെന്നും മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും മൂന്നാമത്തെ തെളിവെടുപ്പിൽ കമ്മിഷണർ നിർദേശിച്ചു.

വിവരം നൽകണോ വേണ്ടയോ എന്നതിനു നിയമോപദേശം തേടിയതായാണു പിന്നീട് സാംസ്കാരിക വകുപ്പ് അറിയിച്ചത്.ഇതോടെയാണ് സിവിൽ ജുഡീഷ്യൽ അധികാരം വിനിയോഗിച്ച്, ഇനി വിശദീകരണത്തിന്റെ ആവശ്യമില്ലെന്നും ഒരാഴ്ചയ്ക്കകം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് മുദ്രവച്ച കവറിൽ സമർപ്പിക്കാനും കമ്മിഷണർ ഫയലിൽ കുറിച്ചത്.

Top