തിരുവനന്തപുരം: ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാര്‍ എന്ന് മന്ത്രി എം.ബി രാജേഷ്. കുടുംബത്തിന്റെ സങ്കടവും മാനസികാവസ്ഥയും എല്ലാവര്‍ക്കും മനസ്സിലാവുമെന്നും ആ വികാരം ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി ഇതുവരെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം.
Also Read: മുൻകൂർ ജാമ്യം തേടി പി പി ദിവ്യ
നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ സ്ഥാനം രാജി വെക്കുകയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്.
ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.