തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥയായ കെ വാസുകിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ച് കേരള സർക്കാർ. നിലവിലുള്ള ചുമതലകൾക്ക് പുറമേ, ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും മേൽനോട്ടം ഇനി മുതൽ വാസുകി വഹിക്കും. വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അധിക ചുമതല സെക്രട്ടറി (ലേബർ ആൻഡ് സ്‌കിൽസ്) കെ വാസുകി വഹിക്കുമെന്ന് ജൂലൈ 15 ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
വിദേശത്തു താമസിക്കുന്ന മലയാളികളുടെ കാര്യങ്ങളിൽ വിദേശമന്ത്രാലയവുമായി ബന്ധപ്പെടാൻ സർക്കാർ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാറുണ്ട്. നോർക്കയുടെ ചുമതലയുള്ള സെക്രട്ടറിയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനോ ആണ് സാധാരണയായി ഈ ചുമതല വഹിക്കുന്നത്. എന്നാൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ വിദേശകാര്യ സെക്രട്ടറിയായി സർക്കാർ ചുമതലയേൽപ്പിക്കുന്നത് വിചിത്രമായ തീരുമാനമായാണ് പലരും വിലയിരുത്തുന്നത്.