അധിക ഭൂമിയുള്ളവര്‍ക്ക് ഉടമസ്ഥാവകാശം; പുതിയ ബില്‍ സര്‍ക്കാര്‍ പരിഗണനയില്‍

അധിക ഭൂമിയുള്ളവര്‍ക്ക് ഉടമസ്ഥാവകാശം; പുതിയ ബില്‍ സര്‍ക്കാര്‍ പരിഗണനയില്‍
അധിക ഭൂമിയുള്ളവര്‍ക്ക് ഉടമസ്ഥാവകാശം; പുതിയ ബില്‍ സര്‍ക്കാര്‍ പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു രേഖകളിലുള്ളതില്‍ അധികം ഭൂമി കൈവശമുള്ളവര്‍ക്ക് ഇനി ഉടമസ്ഥാവകാശവും ലഭ്യമാകും. ഇതിന് ഔദ്യോഗിക അനുമതി തേടിയുള്ള ബില്‍ ഒക്ടോബറില്‍ ചേരുന്ന നിയമസഭയുടെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്ലിന്റെ കരട് നിയമ വകുപ്പിന്റെ പരിഗണനയിലാണ്. അധിക ഭൂമി ക്രമപ്പെടുത്തി നല്‍കുന്നതിനു ഫീസ് ഈടാക്കണോ, ക്രമപ്പെടുത്തുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കണോ തുടങ്ങിയവയും തീരുമാനിക്കും. റവന്യു രേഖയില്‍ 10 സെന്റ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്ത് റീസര്‍വേയില്‍ രണ്ട് സെന്റ് കൂടുതല്‍ അധികമായി കണ്ടെത്തിയാല്‍ അതിന്റെ അവകാശംകൂടി ഉടമയ്ക്ക് ലഭ്യമാക്കുകയാണ് പുതിയ ബില്ല് വഴി ലക്ഷ്യമിടുന്നത്.

2022 നവംബര്‍ ഒന്നിന് ആരംഭിച്ച ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാകുമ്പോഴാണ് ഈ സുപ്രധാന തീരുമാനം. നാലു വര്‍ഷം കൊണ്ട് 1555 വില്ലേജുകളിലാണ് ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കേണ്ടത്. 9(2) വിജ്ഞാപനമിറക്കിയ ശേഷം അപാകത ശ്രദ്ധയില്‍പ്പെട്ടാല്‍ ഭൂഉടമകള്‍ക്ക് സര്‍വേ അസി. ഡയറക്ടര്‍ക്ക് ഓണ്‍ലൈനായി പരാതി നല്‍കാം. പ്രശ്‌ന പരിഹാരത്തിന് ശേഷമാകും അന്തിമ വിജ്ഞാപനമിറക്കുക. 200 വില്ലേജുകളില്‍ മാത്രമാണ് നിലവില്‍ റീസര്‍വേ പൂര്‍ത്തിയാക്കിയിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും മുന്നേ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം, കണ്ടെത്തുന്ന അധിക ഭൂമി സര്‍ക്കാര്‍ ഭൂമിയോട് ചേര്‍ന്നാവരുത് എന്ന നിബന്ധന ബില്ലിലുണ്ടാകും. സര്‍ക്കാര്‍ പട്ടയഭൂമി ആകാനും പാടില്ല. ഭൂമിയ്ക്ക് കൃത്യമായ അതിര്‍ത്തി വേണം. തര്‍ക്കങ്ങളുണ്ടാകാനും പാടില്ല. റവന്യുരേഖയില്‍ ഉള്ളതില്‍ അധികമായുള്ള ഭൂമിയുടെ കരം നിലവില്‍ ഈടാക്കാറില്ല. ഈ ഭൂമി ഉടമയ്ക്ക് കൈമാറ്റം ചെയ്യാമെങ്കിലും വാങ്ങുന്നയാള്‍ക്ക് പോക്കുവരവ് ചെയ്ത് സ്വന്തം പേരില്‍കൂട്ടാന്‍ വ്യവസ്ഥയില്ല. പുതിയ നിയമം വരുന്നതോടെ ഇതിനു പരിഹാരമാവും.

Top