തിരുവനന്തപുരം: ഭക്ഷ്യസുരക്ഷയില്‍ ദേശീയ തലത്തില്‍ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് കേരളം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടുന്നത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിള്‍ ശേഖരണം, സാമ്പിള്‍ പരിശോധന, പ്രോസിക്യൂഷന്‍ കേസുകള്‍, എന്‍എബിഎല്‍ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം, പരിശീലനം, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 40ഓളം മേഖലകളിലെ പ്രവര്‍ത്തന മികവാണ് ദേശീയ ഭക്ഷ്യസുരക്ഷ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിത്.
കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാംപയിനിലൂടെ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി.
Also Read: ഇനി അപ്പീലില്ല; സൺഫിലിം ഒട്ടിക്കാമെന്ന് ട്രാൻസ്പോർട് കമീഷണർ
ഈ വര്‍ഷം മുതല്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാക്കി ഏകോപിപ്പിച്ചു. ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി. സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു.