രഞ്ജി-ട്രോഫി മത്സരത്തിൽ കേരളത്തിന് വിജയപ്രതീക്ഷ; തിളങ്ങി അതിഥി താരങ്ങൾ

പഞ്ചാബിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത് കേരളത്തിന്‍റെ അതിഥി താരങ്ങളാണ്

രഞ്ജി-ട്രോഫി മത്സരത്തിൽ കേരളത്തിന്  വിജയപ്രതീക്ഷ; തിളങ്ങി അതിഥി താരങ്ങൾ
രഞ്ജി-ട്രോഫി മത്സരത്തിൽ കേരളത്തിന്  വിജയപ്രതീക്ഷ; തിളങ്ങി അതിഥി താരങ്ങൾ

തിരുവനന്തപുരം: കേരള-പഞ്ചാബ് രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് 158 റൺസ് വിജയലക്ഷ്യം. പഞ്ചാബിന്‍റെ രണ്ടാം ഇന്നിങ്സ് 142 റൺസിൽ അവസാനിച്ചു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 15 റൺസ് ലീഡ് നേടിയ പഞ്ചാബ് രണ്ടാം ഇന്നിങ്സിൽ 55.1 ഓവറിൽ 142 റൺസിനു പുറത്തായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ആദിത്യ സർവതെ, ബാബ അപരാജിത് എന്നിവരാണ് പഞ്ചാബിനെ കറക്കി വീഴ്ത്തിയത്.

ജലജ് സക്സേന രണ്ടു വിക്കറ്റ് നേടി. ക്യാപ്റ്റൻ പ്രഭ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. താരം 49 പന്തിൽ ഏഴു ഫോറും ഒരു സിക്സും ഉൾപ്പെടെ 51 റൺസെടുത്ത് പുറത്തായി. നാലു താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 122 പന്തിൽ 37 റൺസെടുത്ത അൻമോൽപ്രീത് സിങ്ങിന്റെ പ്രതിരോധവും നിർണായകമായി. 25 പന്തിൽ 12 റൺസെടുത്ത നേഹൽ വധേരയും ഓപ്പണർ അഭയ് ചൗധരിയുമാണ് (12) രണ്ടക്കം കടന്ന മറ്റു താരങ്ങൾ.

Also Read: യുവേഫ നേഷൻസ് ലീഗ്: വിജയവഴിയിൽ ഇംഗ്ലണ്ട്

അവസാന ദിനത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 23 റൺസ് എന്ന നിലയിലാണ് പഞ്ചാബ് ബാറ്റിങ് പുനരാരംഭിച്ചത്. 119 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ബാക്കിയുള്ള ഏഴു വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി. ഓപ്പണർ നമാൻ ധിർ (37 പന്തിൽ 7), സിദ്ധാർഥ് കൗൾ (0), കൃഷ് ഭഗത് (34 പന്തിൽ അഞ്ച്), മായങ്ക് മാർക്കണ്ഡെ (21 പന്തിൽ 9), രമൺദീപ് സിങ് (0), ഗുർനൂർ ബ്രാർ (ആറു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇമാൻജോത് സിങ് ചഹൽ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.

ആദിത്യ സർവതെ 19 ഓവറിൽ 43 റൺസ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ബാബ അപരാജിത് 15 ഓവറിൽ 35 റൺസ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. പഞ്ചാബിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത് കേരളത്തിന്‍റെ അതിഥി താരങ്ങളാണ്. ഒന്നാം ഇന്നിങ്സിൽ ജലജ് സക്സേന, ആദിത്യ സർവതെ എന്നിവർ അഞ്ചു വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. നേരത്തെ, പഞ്ചാബിന്റെ ആദ്യ ഇന്നിങ്സ് 194 റൺസിനാണ് അവസാനിച്ചത്.

Top