116 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത് എംപോക്സ് രോ​ഗം; ജാഗ്രതയിൽ കേരളവും

116 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത് എംപോക്സ് രോ​ഗം; ജാഗ്രതയിൽ കേരളവും
116 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത് എംപോക്സ് രോ​ഗം; ജാഗ്രതയിൽ കേരളവും

തിരുവനന്തപുരം; പകർച്ചവ്യാധിയായ എംപോക്സ് 116 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളവും ജാഗ്രതയിൽ. ഇന്ത്യയിൽ ആദ്യമായി, 2022 ജൂലൈ 14നു കേരളത്തിലും എംപോക്സ് റിപ്പോർട്ട് ചെയ്തിരുന്നു. യുഎഇയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുള്ള പുരുഷനാണു രോഗലക്ഷണം കണ്ടെത്തിയത്.

ഇദ്ദേഹം രോഗമുക്തനായെങ്കിലും സംസ്ഥാനത്ത് രോഗം വീണ്ടും കണ്ടെത്താനുള്ള സാധ്യത ഒഴിവാകുന്നില്ല. ഒട്ടേറെ രാജ്യാന്തര യാത്രക്കാർ എത്തുന്നതാണു കാരണം. യാത്ര ചെയ്യുന്നവരും അവരുമായി സമ്പർക്കത്തിലുള്ളവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

മുൻപ് കെനിയയിൽ കണ്ടെത്തിയ എംപോക്സിന്റെ ക്ലേഡ് 2 ബി വകഭേദം ഭീതി വിതച്ചിരുന്നു. അതിനെക്കാൾ തീവ്രവും വ്യാപനശേഷിയുള്ളതുമാണു നിലവിൽ പടരുന്ന ക്ലേഡ് 1 വകഭേദം. ഇതിനകം ഒരു ലക്ഷത്തോളം പേർക്കാണു രോഗം ബാധിച്ചത്.

രോഗം ആദ്യം റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിലും പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക ബന്ധം, ശാരീരികമായ അടുപ്പം എന്നിവയിലൂടെയാണു പുതിയ വകഭേദം പകരുന്നത്. വായുവിലൂടെ രോഗം പകരുമെന്ന വാദം ഉണ്ടെങ്കിലും അതെക്കുറിച്ചു വ്യത്യസ്ത അഭിപ്രായം ഉണ്ട്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 2023 സെപ്റ്റംബറിലാണു മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു രോഗം പടർന്നതായി കണ്ടെത്തിയത്.

കോവിഡ് പോലെ മഹാമാരിയായി മാറാൻ സാധ്യതയില്ലെന്ന് ആരോഗ്യ ഗവേഷകർ വ്യക്തമാക്കി. 1970 ൽ കോംഗോയിലാണ് എംപോക്സ് ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. അവിടെ മാത്രം കഴിഞ്ഞവർഷം അറുനൂറോളം പേർ മരിച്ചു.

Top