തിരുവനന്തപുരം: ഇലക്ടറല്‍ ബോണ്ട് നല്‍കാതെ വ്യവസായം തുടങ്ങാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് പി രാജീവ്. വിമാനമയച്ചപ്പോള്‍ സന്തോഷത്തോടെ അതില്‍ കയറിപ്പോയി, അവിടെയെത്തിയപ്പോള്‍ കമ്പനി തുടങ്ങാന്‍ 25 കോടി ഇലക്ടറര്‍ ബോണ്ടായി കൊടുക്കേണ്ടി വന്ന വ്യവസായികളെ ഇപ്പോള്‍ നമുക്കറിയാമല്ലോയെന്നും പി രാജീവ് ചോദിച്ചു. കിറ്റെക്സ് എം ഡി സാബു എം ജേക്കബിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയാല്‍ ഇവിടെ ആര്‍ക്ക് വേണമെങ്കിലും നിയമാനുസൃതം വ്യവസായം തുടങ്ങാമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് പുതിയ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരുമായി കൊമ്പുകോര്‍ത്ത കിറ്റെക്സ് എംഡി സാബു എം ജേക്കബ് 2021 ജൂണില്‍ കേരളത്തിലെ 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനുശേഷം ജൂലൈയില്‍ തെലങ്കാനയിലെ വാറങ്കലില്‍ 1,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ ഗാര്‍മെന്റ് ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം ഗ്രൂപ്പ് പ്രഖ്യാപിക്കുകയായിരുന്നു. ഈ പദ്ധതിക്ക് നിലമൊരുങ്ങുന്ന ഘട്ടത്തിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയുമായാണ് 25 കോടിയുടെ ബോണ്ട് സാബു എം ജേക്കബ് വാങ്ങിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട വിവരം.
ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനങ്ങളായ കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡും 2023 ജൂലായ് 5-ന് വാങ്ങിയ ഒരു കോടി വീതം മൂല്യമുള്ള പതിനഞ്ച് ബോണ്ടുകള്‍ ജൂലൈ 17 നും ഒക്ടോബര്‍ 12-ന് വാങ്ങിയ 10 കോടിയുടെ ബോണ്ടുകള്‍ ഒക്ടോബര്‍ 16 നും ബിആര്‍എസിന് നല്‍കിയെന്നാണ് വിവരം.