CMDRF

പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് കേരള പൊലീസ്

രാത്രി 10.30-ഓടെയായിരുന്നു സംഭവം. ഭർത്താവ് പ്രദീപിനൊപ്പം വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് രേഷ്മയ്ക്ക് പാമ്പ് കടിയേറ്റത്

പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് കേരള പൊലീസ്
പാമ്പ് കടിയേറ്റ യുവതിയെ രക്ഷിച്ച് കേരള പൊലീസ്

കോട്ടയം: പാമ്പ് കടിയേറ്റ യുവതിക്ക് രക്ഷകനായി കേരള പൊലീസ്. കാനം കാപ്പുകാട് സ്വദേശി രേഷ്മയ്ക്കാണ് (28) കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റത്. രാത്രി 10.30-ഓടെയായിരുന്നു സംഭവം. ഭർത്താവ് പ്രദീപിനൊപ്പം വീട്ടുമുറ്റത്ത് നടക്കുമ്പോഴാണ് രേഷ്മയ്ക്ക് പാമ്പ് കടിയേറ്റത്.

ഉടൻ തന്നെ ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴായിരുന്നു പൊലീസ് വാഹനം അതുവഴി വന്നത്. ചങ്ങനാശേരി പൊലീസിന്റെ വാ​​ഹനമായിരുന്നു അത്. വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊൻകുന്നം സബ് ജയിലിൽ പ്രവേശിപ്പിക്കുന്നതിനായി പോകുകയായിരുന്നു പൊലീസുക്കാർ.

വഴിയിലെ ആൾക്കൂട്ടം കണ്ടാണ് പൊലീസ് വാഹനം ഒതുക്കിയത്. പ്രദീപിൽ നിന്നും വിവരങ്ങളറിഞ്ഞതും വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിൻസീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷം ഇവർ രേഷ്മയെയും പ്രദീപിനെയും പൊലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് തിരിച്ചു. ചങ്ങനാശ്ശേരി എസ്ഐടിഎം എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു അവർ. സിവിൽ പൊലീസ് ഓഫീസർമാരായ എം ഷമീർ, ബി ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു.

Also read: രാത്രിയിൽ പോസ്റ്റ്‌മോർട്ടം തുടങ്ങണമെന്ന ഉത്തരവ് നടപ്പിലാക്കാൻ തടസം

വാഴൂർ ടിഎംഎം ആശുപത്രിയിലാണ് രേഷ്മയെ ആദ്യം എത്തിച്ചത്. പിന്നീട് വി​ദ​ഗ്ധ ചികിത്സയ്ക്കായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആംബുലൻസ് എത്താൻ കാത്തുനിൽക്കാതെ വീണ്ടും പൊലീസ് വാഹനത്തിൽ തന്നെയാണ് രേഷ്മയെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് എത്തിച്ചത്.

Top