തിരുവനന്തപുരം: സമരക്കാരെയും അക്രമികളെയും നേരിടാന്‍ കണ്ണീര്‍ വാതക ഷെല്ലും, ഗ്രനേഡും ആവശ്യത്തിനില്ലാതെ കേരള പൊലീസ്. എആര്‍ ക്യാമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലുമുള്ള പ്രതിരോധ ഉപകരണങ്ങള്‍ കാലാവധി കഴിഞ്ഞതിനാല്‍ ഉപയോഗിക്കാനാകുന്നില്ല. വാതക ഷെല്ലും, ഗ്രനേഡും വാങ്ങി നല്‍കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ തയ്യാറാകുന്നില്ലന്നാണ് വിവരം.
ഇത്തരം പ്രതിരോധ ഉപകരണങ്ങുടെ സ്റ്റോക്ക് തീര്‍ന്നിട്ട് മാസങ്ങളായി. നിലവില്‍ സംസ്ഥാനത്തെ 18 എആര്‍ ക്യാമ്പുകളിലും പൊലീസ് സ്റ്റേഷനുകളിലും ഈ പ്രതിരോധ ആയുധങ്ങള്‍ക്ക് ക്ഷാമമാണ്. കാലാവധി കഴിഞ്ഞത് ഉപയോഗിച്ചാല്‍ സ്ഥിതി രൂക്ഷമാകുമെന്നിരിക്കെ ഈ അടുത്ത കാലത്ത് പ്രതിഷേധക്കാരുടെ ആക്രമണം നേരിട്ട് നേരിടുകയാണ് സേനാംഗങ്ങള്‍.
സ്റ്റെണ്‍ ഷെല്‍,സ്റ്റെണ്‍ ഗ്രനേഡ് വിഭാഗത്തില്‍പ്പെട്ട പ്രതിരോധ ഉപകരണങ്ങളാണ് കേരള പൊലീസ് ഉപയോഗിക്കുന്നത്. ബിഎസ്എഫിന്റെ ഗോളിയാര്‍ യൂണിറ്റില്‍ നിന്നാണ് ഇവ സേനക്കായി വാങ്ങുന്നത്. കണ്ണീര്‍വാതക ഷെല്ലും, ഗ്രനേഡും ഇല്ലെന്ന വിവരം സര്‍ക്കാരിനെ പലതവണ അറിയിച്ചെങ്കിലും ഫലമില്ല. സാമ്പത്തിക പ്രതിസന്ധിയാണ് ഈ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാത്തതിന് കാരണമെന്നാണ് വിവരം. 2024 ഫെബ്രുവരിയില്‍ പൊലീസിന്റെ ആവനാഴി നിറക്കാന്‍ ആയുധ ശേഖരണത്തിനായി 1.87 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ എറിയാനും ഫയര്‍ ചെയ്യാനും കഴിയുന്ന ടിയര്‍ ഗ്യാസ് ,ഗ്രനേഡ് വിഭാഗത്തില്‍പ്പെട്ട പ്രതിരോധ ഉപകരങ്ങള്‍ കൃത്യമായി സേനക്ക് ലഭിക്കുന്നില്ല.