കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു; ഇന്ന് രണ്ട് മരണം

കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു; ഇന്ന് രണ്ട് മരണം
കേരളത്തില്‍ അതിതീവ്ര മഴ തുടരുന്നു; ഇന്ന് രണ്ട് മരണം

തിരുവനന്തപുരംവടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്നു. സംസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു. മഞ്ചേരിയിലെ പാറമടയിൽ കാണാതായ ഒഡീഷ സ്വദേശി ഡിസ്ക് മാന്റിഗയുടെ മൃതദേഹം രാവിലെ കണ്ടെത്തി. കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകനും മുങ്ങി മരിച്ചു.

പടിയറക്കടവ് സ്വദേശി സദാനന്ദൻ ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം പുഴകളിൽ ജലനിരപ്പുയർന്നതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണൂരും വയനാടും കാസർകോടും റെഡ് അലർട്ട് തുടരുകയാണ്.

കണ്ണൂരിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട് അങ്കണവാടികളും മദ്രസകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും. എന്നാല്‍ കോളേജുകൾക്ക് അവധി ബാധകമല്ല.

വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്നത്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് തുടരുകയാണ്.

മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം. ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യത കരുതിയിരിക്കണം.

താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Top