തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ദുർബലമായി. ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ദുർബലമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ഇതോടെ കേരളത്തിൽ ദുർബലമായിട്ടുണ്ട്.
വടക്ക് കിഴക്കൻ അറബികടലിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാലും തെക്കൻ മഹാരാഷ്ട്ര തീരം മുതൽ മധ്യ കേരള തീരം വരെ ശക്തികുറഞ്ഞ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാലും കേരളത്തിൽ എല്ലാ ജില്ലകളിലും ഇടത്തരമോ മിതമായതോ ആയ മഴ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.
അടുത്ത ആഴ്ച അവസാനത്തോടെ കേരളത്തിൽ കാലവർഷം വീണ്ടും പതിയെ സജീവമാകാൻ സാധ്യതയെന്നും സൂചനയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെടുന്ന ചക്രവാതചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും സ്ഥാനവും ശക്തിയും ഗതിയും അനുസരിച്ച് കാലവർഷ മഴയുടെ ശക്തി വ്യത്യാസപ്പെട്ടേക്കാം.
അതേസമയം ഇന്ന് കേരളത്തിലെ 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് ഉള്ളത്. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ഉണ്ടായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.