തിരുവനന്തപുരം: പി എം സൂര്യഘര്‍ പദ്ധതിയില്‍ കേരളത്തിന് അഭിമാനപൂര്‍വ്വമായ നേട്ടം. കേന്ദ്ര സര്‍ക്കാരും റിന്യൂവബിള്‍ എനര്‍ജി കോര്‍പ്പറേഷനും ചേര്‍ന്ന് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പട്ടിക പ്രകാരം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരളം. ഉപഭോക്താക്കളുടെ ആകെ അപേക്ഷകളില്‍ 55.34 ശതമാനം പേരും സോളാര്‍ നിലയം സ്ഥാപിച്ചതുവഴിയാണ് കേരളത്തിന് ഈ നേട്ടം കൈവരിയ്ക്കാനായത്. ഗുജറാത്താണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം. കേന്ദ്ര സര്‍ക്കാര്‍ 78,000 രൂപ വരെ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണിത്.
കെഎസ്ഇബി ആണ് കേരളത്തില്‍ പി.എം സൂര്യഘര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 13-ാം തീയതി പ്രഖ്യാപിച്ച ഈ പദ്ധതി ഏപ്രില്‍ മാസത്തില്‍ തന്നെ ആരംഭിക്കുവാനായി. ഈ പദ്ധതിയില്‍ കേരളത്തില്‍ 81,589 ഉപഭോക്താക്കള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതില്‍ 45,152 ഉപഭോക്താക്കള്‍ സോളാര്‍ നിലയങ്ങള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ആകെ 368.20 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുന്ന നിലയങ്ങള്‍ സ്ഥാപിക്കാനുള്ള അപേക്ഷകളില്‍ 181.54 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന സൗരനിലയങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി. കേരളത്തില്‍ 32,877 ഉപഭോക്താക്കള്‍ക്ക് 256.2 കോടി രൂപ സബ്‌സിഡിയായി ഇതുവരെ ലഭിച്ചിട്ടുണ്ട്.
Also Read: മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗം; വന്ദേ മെട്രോ ആദ്യ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി
കെഎസ്ഇബിയുടെ നിതാന്ത പരിശ്രമത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടമെന്ന് അധികൃതര്‍ പറഞ്ഞു. ഒരു കിലോ വാട്ട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാന്‍ 30,000 രൂപയും രണ്ട് കിലോ വാട്ട് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കാന്‍ അറുപതിനായിരം രൂപയും മൂന്നു കിലോ വാട്ടിന് മുകളിലുള്ള സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുവാന്‍ 78,000 രൂപയും സബ്‌സിഡി നല്‍കുന്ന പദ്ധതിയാണിത്. മൂന്ന് കിലോവാട്ടിന്റെ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചാല്‍ 360 യൂണിറ്റ് വൈദ്യുതി പ്രതിമാസം ഉത്പാദിപ്പിക്കാന്‍ കഴിയും. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയില്‍ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെഎസ്ഇബിക്ക് വില്‍ക്കാനാകും. 885 വെണ്ടര്‍മാരെ പ്ലാന്റ് സ്ഥാപിക്കാന്‍ കെഎസ്ഇബി എം-പാനല്‍ ചെയ്തു കഴിഞ്ഞു.
വിതരണ ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷിയുടെ 75 ശതമാനം മാത്രമേ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുവാന്‍ അനുവദിക്കാവൂ എന്ന നിബന്ധനയായിരുന്നു പരിമിതിയായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് 90 ശതമാനമായി ഉയര്‍ത്തിയതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായി. ഏഴ് ശതമാനം പലിശ നിരക്കില്‍ ദേശസാത്കൃത ബാങ്കുകളുടെ ഈടില്ലാത്ത വായ്പ സൗകര്യവും സാധാരണ ജനങ്ങള്‍ക്ക് സോളാര്‍ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സഹായകമാകുന്നു. ആകെ ഉപഭോക്താക്കളുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ കേരളത്തില്‍ സൗര നിലയങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്, അതുകൊണ്ടുതന്നെ പി.എം സൂര്യഘര്‍ പദ്ധതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കേരളത്തിന് കാഴ്ചവയ്ക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.