കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നാല് വിദ്യാർഥികളുടെ നാമനിർദേശം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈകോടതി തള്ളി.നാമനിർദേശം ചെയ്യുന്നവർ ബന്ധപ്പെട്ട മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരാകണമെന്ന വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പട്ടികയിലുണ്ടായിരുന്ന വിദ്യാർഥികളാണ് ഹർജി നൽകിയത്.
എ.ബി.വി.പി പ്രവർത്തകരെയാണ് നാമനിർദേശം ചെയ്തതെന്ന് ഹരജിക്കാരുടെ വാദം. ജൂലൈ 29ന് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, ഇവരുടെ സെനറ്റിലേക്കുള്ള നാമനിർദേശം സ്റ്റേ ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും കോടതി ഇടപെട്ടില്ല.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി തുടർന്ന് എതിർകക്ഷികളോട് വിശദീകരണം തേടിയശേഷം വീണ്ടും ആഗസ്റ്റ് 16ന് പരിഗണിക്കാൻ മാറ്റി. സമർഥരായ വിദ്യാർഥികളെയാണ് നാമനിർദേശം ചെയ്തതെന്നായിരുന്നു ഗവർണറുടെ അഭിഭാഷകന്റെ വാദം. തുടർന്ന് നാമനിർദേശവുമായി ബന്ധപ്പെട്ട ഫയൽ കോടതി വിളിച്ചുവരുത്തി.
വി.സി നിർദേശിച്ച പാനലിൽനിന്നുള്ളവരെയാണ് ഗവർണർ നിർദേശിച്ചതെന്നതിനാൽ സ്റ്റേ അനുവദിക്കാൻ പ്രഥമദൃഷ്ട്യാ കാരണമില്ലെന്ന് വ്യക്തമാക്കിയ കോടതി സ്റ്റേ ആവശ്യം തള്ളുകയായിരുന്നു. മൂന്നാഴ്ചക്കകം എതിർസത്യവാങ്മൂലം നൽകാൻ എതിർകക്ഷികൾക്ക് നിർദേശം നൽകി.