കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്

ശുചിത്വത്തിന്റെ കാര്യത്തില്‍ കേരളം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്
കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്

തിരുവനന്തപുരം: കേരളത്തിനെ തേടി മറ്റൊരു അംഗീകാരം കൂടി. തീരങ്ങളുടെ ശുചിത്വം അടക്കമുള്ള കാര്യങ്ങളില്‍ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമെന്ന പദവിയാണ് കേരളത്തെ തേടി എത്തിയിരിക്കുന്നത്. കേന്ദ്ര തീരദേശ ജല ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി. കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ എന്‍വിസ്റ്റാറ്റ്‌സ് 2024 റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ശുചിത്വത്തിന്റെ കാര്യത്തില്‍ കേരളം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കേരളത്തിന്റെ തീരദേശ ജലം ഇന്ത്യയിലെ മറ്റേതൊരു തീരത്തിലെ ജലത്തേക്കാളും മികച്ചതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മണ്‍സൂണ്‍ കാലത്ത് ശുദ്ധജല ലഭ്യത കൂടുന്നതുകൊണ്ടാണ് തീരദേശ ജലത്തിന്റെയും ഗുണനിലവാരം വര്‍ധിക്കുന്നത് എന്നാണ് കരുതുന്നത്. ശുദ്ധജലലഭ്യത വര്‍ധിക്കുന്നത് കടല്‍ തീരമേഖലയിലെ മലിന പദാര്‍ത്ഥങ്ങളെ കൂടുതല്‍ നേര്‍പ്പിക്കുന്നുണ്ട്.

Also Read: ശക്തമായ മഴയിൽ വർക്കല ഹെലിപാഡിൽ കുന്നിടിഞ്ഞു താഴ്ന്നു

CWQI അഥവാ കനേഡിയന്‍ വാട്ടര്‍ ക്വാളിറ്റി ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് തീരമേഖലയിലെ ശുചിത്വം കണക്കാക്കുന്നത്. മൂന്ന് വ്യത്യസ്ത തീരപ്രദേശങ്ങളില്‍ നിന്നെടുത്ത ജലസാംപിളുകള്‍ ശേഖരിച്ച് നടത്തിയ പഠനത്തില്‍ ശുചിത്വത്തില്‍ കേരളം ഏറെ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീരമേഖലയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ അകലെ വരെയുള്ള മേഖലയിലെ ജലത്തിന്റെ ശുദ്ധി കണക്കാക്കിയതിലും കേരളം തന്നെയാണ് ഒന്നാമത്.

74 ആയിരുന്നു കേരളത്തിന് ലഭിച്ച CWQI സ്‌കോര്‍. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ സ്‌കോര്‍ 65 ഉം മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിന്റെ സ്‌കോര്‍ 60 ഉം ആണ്. തീരമേഖലയില്‍നിന്ന് 5 കിലോ മീറ്റര്‍ വരെ അകലെയുള്ള പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരത്തിലും കേരളം ബഹുദൂരം മുന്നിലാണ്. 79 പോയിന്റാണ് ഇതില്‍ കേരളത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകത്തിന് 73 പോയിന്റാണ്. 67 പോയിന്റുകളുമായി തമിഴ്‌നാടും ഗോവയുമാണ് മൂന്നാമത്.

Also Read: സംസ്ഥാനത്ത് മഴ ശക്തം; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭൗതികഘടകങ്ങള്‍, ജൈവവസ്തുക്കള്‍, രാസവസ്തുക്കള്‍ സൂക്ഷ്മജീവികള്‍ എന്നിവയുടെ അളവുകള്‍ കണക്കാക്കിയാണ് ജലശുചിത്വ പട്ടിക തയാറാക്കുക. 2020 – 21 കാലഘട്ടം മുതല്‍ കേരളം തീരമേഖലയുടെ ശുചിത്വത്തിന്റെ കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സംസ്ഥാനമാണ്. അതേസമയം തീരശോഷണമാണ് നമ്മുടെ തീരമേഖല നേരിടുന്ന പ്രധാന വെല്ലുവിളി.

Top