തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. ഏഴ് ഐ.പി.എസ് ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയത്. സിഎച്ച് നാഗരാജുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ദക്ഷിണമേഖലാ ഐജി ജി സ്പര്‍ജന്‍ കുമാര്‍ പുതിയ സിറ്റി പൊലീസ് കമ്മീഷണറാകും.
നിലവിലെ കമ്മീഷണര്‍ നാഗരാജുവിനെ കേരളാ പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായി നിയമിച്ചു. പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായിരുന്ന സഞ്ജീവ് കുമാര്‍ പട്‌ജോഷിയെ മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ വിഭാഗം ഡിജിപിയായി നിയമിച്ചു.
പഠനാവധിയിലുണ്ടായിരുന്ന സതീഷ് ബിനോയെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡിഐജിയായി നിയമിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് സ്ഥാനത്ത് നിന്നും മാറ്റിയ മുൻ തൃശൂർ കമ്മീഷണർ അങ്കിത് അശോകിന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിയമനം നിയമനം നല്‍കി. സതീഷ് ബിനോ പൊലീസ് ആസ്ഥാന ഡിഐജിയാകും.
കോഴിക്കോട് ക്രൈംസ് വിഭാഗം ഐജിയായി പി. പ്രകാശിനെ നിയമിച്ചിട്ടുണ്ട്. മുമ്പ് മനുഷ്യാവകാശ കമ്മീഷനില്‍ ഐജിയായിരുന്നു ഇദ്ദേഹം.സി. ബാസ്റ്റിന്‍ ബാബുവിനെ വനിതാ ശിശു സെല്‍ എഐജിയായും നിയമിച്ചിട്ടുണ്ട്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ അന്വേഷണ വിഭാഗം ഡിജിപി എന്ന പുതിയ തസ്തിക സൃഷ്ടിച്ചതിന്റെ ഭാഗമായാണ് സ്ഥലംമാറ്റങ്ങള്‍ എന്നാണ് വിശദീകരണം.