പഴയ വാഹനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രണ്ടായിരം: രജിസ്റ്റര്‍ ചെയ്തത് മൂന്നെണ്ണം

തിരുവനന്തപുരം, ചേര്‍ത്തല, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഓരോ സ്ഥാപനം മാത്രമാണ് ഉത്തരവിറങ്ങി ഒന്നേകാല്‍വര്‍ഷം കഴിഞ്ഞിട്ടും രജിസ്റ്റര്‍ചെയ്തത്

പഴയ വാഹനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രണ്ടായിരം: രജിസ്റ്റര്‍ ചെയ്തത് മൂന്നെണ്ണം
പഴയ വാഹനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രണ്ടായിരം: രജിസ്റ്റര്‍ ചെയ്തത് മൂന്നെണ്ണം

സംസ്ഥാനത്ത് പഴയ വാഹനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രണ്ടായിരത്തോളമുണ്ടായിട്ടും രജിസ്റ്റര്‍ചെയ്തത് മൂന്നെണ്ണം മാത്രം. കേന്ദ്രമോട്ടോര്‍വാഹന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പാണ്, 2023 ഏപ്രില്‍ 15-ന് ശേഷം ലൈസന്‍സില്ലാത്ത ഇത്തരംകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറത്തിറക്കിയത്.

തിരുവനന്തപുരം, ചേര്‍ത്തല, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഓരോ സ്ഥാപനം മാത്രമാണ് ഉത്തരവിറങ്ങി ഒന്നേകാല്‍വര്‍ഷം കഴിഞ്ഞിട്ടും രജിസ്റ്റര്‍ചെയ്തത്. 2023 മാര്‍ച്ച് 29-ന് ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ ഗതാഗത കമ്മിഷണര്‍ എസ്. ശ്രീജിത്താണ് ഉത്തരവിറക്കിയത്. രജിസ്റ്റര്‍ചെയ്യുമ്പോള്‍ കിട്ടുന്ന ചുമതലപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഒരുസ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ലെന്ന് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍മാരും ആര്‍.ടി.ഒ.മാരും ജോയിന്റ് ആര്‍.ടി.ഒ.മാരും ഉറപ്പു വരുത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു.

Also Read: നിങ്ങൾക്കും ഒരു കാർ ഉടമയാകണ്ടേ ? അതും കുറഞ്ഞ ചെലവിൽ!

ഇത്തരത്തിലുള്ള ഒരു ഉറപ്പുവരുത്തലും ഉണ്ടായില്ലെന്നതിന്റെ തെളിവാണ് മൂന്നില്‍മാത്രം ഒതുങ്ങിയ രജിസ്ട്രേഷന്‍. സ്ഥാപനം രജിസ്റ്റര്‍ചെയ്യുമ്പോള്‍ കിട്ടേണ്ട 25,000 രൂപയും സര്‍ക്കാരിന് നഷ്ടമാകുന്നു. രജിസ്റ്റര്‍ചെയ്യാത്തതിനാല്‍, നികുതി വെട്ടിച്ചുള്ള അനധികൃത കൈമാറ്റം തടയാനുള്ള നീക്കം പാളിയതായി മാതൃഭൂമി നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്ലാത്തരം പഴയവാഹനങ്ങളുടേയും (യൂസ്ഡ് വെഹിക്കിള്‍) വില്‍പ്പന കേന്ദ്രങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

പഴയവില്‍പ്പന കേന്ദ്രത്തിന്റെ നിബന്ധനകള്‍

അഞ്ചുവര്‍ഷത്തേക്കാണ് ചുമതലപ്പെടുത്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുക. സ്ഥാപനങ്ങളില്‍ നല്ല പാര്‍ക്കിങ് സ്ഥലം വേണം. റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യരുത്. പൊതുജനം കാണുംവിധം സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിക്കണം. രജിസ്റ്റര്‍ചെയ്ത സ്ഥാപനത്തിന് വാഹനം വില്‍ക്കുന്ന അന്നുമുതല്‍, അതിന്റെ എല്ലാരേഖകള്‍ക്കും മറ്റ് വിഷയങ്ങള്‍ക്കും സ്ഥാപനം ഉടമയാണ് ഉത്തരവാദി. ഉടമസ്ഥാവകാശം മാറ്റേണ്ടതടക്കമുള്ള എല്ലാനടപടികളും ചെയ്യേണ്ടത് സ്ഥാപനമുടമയായിരിക്കണം. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാനോ, ആര്‍.സി. പുതുക്കാന്‍ ആര്‍.ടി. ഓഫീസില്‍ കൊണ്ടുപോകാനോ, പഴയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളിന് ഓടിച്ചുനോക്കാനോ അല്ലാതെ സ്ഥാപനത്തില്‍നിന്ന് വാഹനം പുറത്തിറക്കാന്‍ അനുവാദമില്ല.

Top