കൽപറ്റ: മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയതു ബോംബ് സ്ഫോടനത്തിനു തുല്യമായ അവസ്ഥയിലെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). കൂറ്റൻ പാറക്കെട്ടുകൾ തകർന്നു തെറിച്ചത് ആഘാതം വർധിപ്പിച്ചു. ചാർനോക്കൈറ്റ് വിഭാഗത്തിലുള്ള പാറകളാണ് ഈ പ്രദേശത്തെ കുന്നുകളുടെ പ്രത്യേകത. തുടർച്ചയായ മഴയിൽ ഈ പാറയിലെ വിടവുകളിലൂടെ വെള്ളം നിറഞ്ഞു.
അവസാനത്തെ 2 ദിവസം കൊണ്ട് 60 സെന്റിമീറ്ററോളം മഴ പെയ്തതോടെ പാറയ്ക്കുള്ളിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരിധി കവിഞ്ഞു.കടുത്ത സമ്മർദത്തിൽ കൂറ്റൻ പാറകൾ പൊട്ടിത്തെറിക്കുകയായിരുന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ വെള്ളത്തോടൊപ്പം പാറക്കഷണങ്ങളും തെറിച്ചുവീണത് ആഘാതം പലമടങ്ങ് വർധിപ്പിച്ചതായി ജിഎസ്ഐ കേരള ഘടകം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.വി.അമ്പിളി പറഞ്ഞു.
വിപുലമായ രക്ഷാപ്രവര്‍ത്തിനായി നിർമാണം ആരംഭിച്ച ബെയ്‍ലി പാലം വൈകുന്നേരത്തോടെ പൂർത്തിയായി. യന്ത്രസഹായത്തോടെ വീടുകളില്‍ തിരച്ചില്‍ നടത്തും. ബെയ്‌ലി പാലം ഇവിടെയുണ്ടായിരുന്ന പഴയ പാലം പോലെ തന്നെ ഉപയോഗിക്കാനാകുമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു.