തിരുവനന്തപുരം: ഇന്ന് കൊല്ല വര്‍ഷം1199 മിഥുനം 31. നാളെ കര്‍ക്കിടകം ഒന്ന്. അപ്പന്‍ അപ്പൂന്മാര്‍ പറഞ്ഞുകേട്ട ഒരു മഹാ ദുരന്തത്തിന്റെ നൂറാം വാര്‍ഷിക ദിനങ്ങള്‍ ആണിത്. എല്ലാ കാലത്തും മലയാളിയുടെ മുത്തശ്ശി ഓര്‍മകളില്‍ നിറഞ്ഞു നിന്ന 99 ലെ വെള്ളപ്പൊക്കത്തിന് നൂറ് വയസ്സ്. നൂറ്റാണ്ട് മുമ്പ്,1924 ജൂലൈ 15 ന് ആയിരുന്നു ആ പെരുമഴ പെയ്തു തുടങ്ങിയത്.
കൊല്ലവര്‍ഷം 1099 ലെ കര്‍ക്കടക മാസത്തിന്റെ ആദ്യ മൂന്ന് ആഴ്ചകളില്‍ തോരാതെ പെയ്ത പേമാരി. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നടുകളെ അത് ഒരുപോലെ മാറ്റിമറിച്ചു. സമുദ്ര നിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന മൂന്നാറില്‍ ആയിരുന്നു ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന്. 1902 ല്‍ ബ്രിട്ടീഷുകാര്‍ തുടങ്ങിയ മൂന്നാര്‍ തേനി റെയില്‍ പാത വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. പിന്നീട് ഇതുവരെ മൂന്നാറില്‍ റെയില്‍ വന്നിട്ടില്ല. ഇന്നത്തെ എറണാകുളം, ആലപ്പുഴ ജില്ലകള്‍ ഏറിയ ഭാഗവും 99 ലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി.
തെക്കന്‍ തിരുവിതാംകൂറിന്റേയും വടക്കന്‍ മലബാറിന്റേയും താഴ്ന്ന പ്രദേശങ്ങളില്‍ ഇരുപതടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി എന്നാണ് ചരിത്ര രേഖകള്‍. എത്ര പേര്‍ മരിച്ചു എന്നതിന് കണക്കില്ല. വെള്ളം പൊങ്ങിയ പല നാടുകളില്‍ നിന്നും ജനം ഉയര്‍ന്ന മേഖലകളിലേക്ക് പലായനം ചെയ്തു. നാടൊട്ടുക്കും ഗതാഗതം മുടങ്ങി. തപാല്‍ നിലച്ചു. അല്‍പമെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം അഭയാര്‍ഥികളെക്കൊണ്ട് നിറഞ്ഞു.
വെള്ളത്തോടൊപ്പം പട്ടിണിയും രോഗങ്ങളും ജനങ്ങളെ വലച്ചു. മലവെള്ളവും കടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു എന്ന് അന്നത്തെ പത്ര വാര്‍ത്തകളില്‍ കാണാം. ഒരു വാര്‍ത്ത ഇങ്ങനെ: ഇനിയും വെള്ളം പോങ്ങിയെക്കുമെന്ന് വിചാരിച്ചു ജനങ്ങള്‍ ഭയവിഹ്വലരായിത്തീര്‍ന്നിരിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും സംഭവത്തിന്റെ ഭയങ്കരാവസ്ഥ കൂടിക്കൂടിവരുന്നു. പന്തളത്ത് ആറില്‍കൂടി അനവധി ശവങ്ങള്‍, പുരകള്‍, മൃഗങ്ങള്‍ മുതലായവയും ഒഴുകിപ്പോയ്‌ക്കൊണ്ടിരിക്കുന്നതായും പൂന്തല, ആറ്റുവ മുതലായ സ്ഥലങ്ങളില്‍ അത്യധികമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും കാണുന്നു. ചാരുപ്പാടം എന്ന പുഞ്ചയില്‍ അനവധി മൃതശരീരങ്ങള്‍ പൊങ്ങി.’പീരുമേടിനും മുണ്ടക്കയത്തിനും മദ്ധ്യേ 43മത് മൈലിനു സമീപം മല ഇടിഞ്ഞു റോഡിലേക്ക് വീഴുകയാല്‍ അനേകം പോത്തുവണ്ടികള്‍ക്കും വണ്ടിക്കാര്‍ക്കും അപകടം പറ്റി. അങ്ങനെ നീളുന്നു വാര്‍ത്ത. ചരിത്രത്തില്‍ ഏറെയൊന്നും വിശദമായി രേഖപ്പെടുത്തപ്പെടാത്ത ദുരന്തം ആയിരുന്നു 99 ലെ വെള്ളപ്പൊക്കം. എന്നിട്ടും ഇന്നും ഓരോ മലയാളിയുടെയും കേട്ടു കേള്‍വിയുടെ അറയില്‍ ആ മഹാപ്രലയത്തിന്റെ ചിത്രം ഉണ്ട്.