രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നും മൂന്ന് ഒഴിവുകളാണ് വരുന്നത്. എം.എല്‍.എമാരുടെ കണക്കുകള്‍ പ്രകാരം ഇതില്‍ രണ്ടെണ്ണത്തില്‍ ഇടതുപക്ഷവും ഒന്നില്‍ യു.ഡി.എഫുമാണ് വിജയിക്കുക. ഇടതുപക്ഷത്തെ രണ്ടില്‍ ഒരു സീറ്റില്‍ സി.പി.എം സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. രണ്ടാമത്തെ സീറ്റ് ആര്‍ക്കാണെന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായിരിക്കുന്നത്. ഈ സീറ്റിനായി കേരള കോണ്‍ഗ്രസ്സ് ജോസ് വിഭാഗവും സി.പി.ഐയും ശക്തമായി രംഗത്തുണ്ട്. ഇതിനു പിന്നാലെ ഇപ്പോള്‍ ആര്‍.ജെ.ഡിയും ഏറ്റവും ഒടുവിലായി എന്‍സിപിയും രംഗത്തിറങ്ങിയിരിക്കുകയാണ്.
ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ സാധ്യതയില്ലാത്ത ആര്‍.ജെ.ഡിയും എന്‍.സി.പിയും രാജ്യസഭ സീറ്റിനായി രംഗത്തു വന്നത് സി.പി.എം നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. അടുത്ത ഇടതുമുന്നണി യോഗത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമെന്നാണ് എന്‍സിപി നേതാവും മന്ത്രിയുമായ എ.കെ.ശശീന്ദ്രനും ആര്‍.ജെ.ഡി നേതാവ് എം.വി ശ്രേയാംസ് കുമാറും വ്യക്തമാക്കിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസ്സ് (എം) നേതാവ് ജോസ് കെ മാണിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നതിനാല്‍ ആ സീറ്റ് കേരള കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാണെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്സ് ഉള്ളത്. അവര്‍ ഇക്കാര്യം സി.പി.എം നേതൃത്വത്തോട് പറഞ്ഞിട്ടുമുണ്ട്. യു.ഡി.എഫ് വിട്ടു വന്ന പാര്‍ട്ടി ആയതും, കേരള കോണ്‍ഗ്രസ്സിന് മധ്യ കേരളത്തില്‍ ഉള്ള സ്വാധീനം പരിഗണിച്ചും, ഒഴിവു വരുന്ന രണ്ടാമത്തെ സീറ്റ് കേരള കോണ്‍ഗ്രസ്സിനു നല്‍കണമെന്ന താല്‍പ്പര്യമാണ് സി.പി.എം നേതൃത്വത്തിന് ഉള്ളത്.
2026-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ കേരള കോണ്‍ഗ്രസ്സ് (എം) മുന്നണിയില്‍ ഉണ്ടാകണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. കേരള കോണ്‍ഗ്രസ്സിനെ യു.ഡി.എഫിലേക്ക് കൊണ്ടു പോകാന്‍ കോണ്‍ഗ്രസ്സ് നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ സി.പി.എം ജാഗ്രതയോടെയാണ് സീറ്റ് വിവാദത്തെ നോക്കി കാണുന്നത്. ഇടതുപക്ഷത്തെ രണ്ടാമത്തെ പ്രധാന കക്ഷിയായ സി.പി.ഐയ്ക്ക് രാജ്യസഭാ സീറ്റ് വേണമെന്നത് ആ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കൂടി താല്‍പര്യമാണ്. അതു കൊണ്ടു തന്നെ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലന്നതാണ് സി.പി.ഐ നേതൃത്വത്തിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ സി.പി.ഐയുമായി പ്രത്യേക ചര്‍ച്ച നടത്താനും സി.പി.എം തിരുമാനിച്ചിട്ടുണ്ട്.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സ് (എം) മുന്നണിയില്‍ തുടരേണ്ടത് സി.പി.എമ്മിനും സി.പി.ഐയ്ക്കും ഒരു പോലെ അനിവാര്യമായതിനാല്‍ ഒടുവില്‍ സി.പി.ഐ വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. ലോകസഭ തിരഞ്ഞെടുപ്പിലെ റിസള്‍ട്ട് സി.പി.ഐയ്ക്കും കേരള കോണ്‍ഗ്രസ്സിനും ഒരു പോലെ നിര്‍ണ്ണായകവുമാകും.
തൃശൂര്‍, വയനാട്, മാവേലിക്കര, തിരുവനന്തപുരം സീറ്റുകളിലാണ് സി.പി.ഐ മത്സരിച്ചിരിക്കുന്നത്. ഇതില്‍ തൃശൂരിലും മാവേലിക്കരയിലും അവര്‍ക്ക് വലിയ പ്രതീക്ഷയുമുണ്ട്. ഈ രണ്ട് സീറ്റുകള്‍ സി.പി.ഐക്ക് ലഭിക്കുകയും കേരള കോണ്‍ഗ്രസ്സ് കോട്ടയം സീറ്റില്‍ തോല്‍ക്കുകയും ചെയ്താല്‍, സി.പി.ഐയ്ക്ക് രാജ്യസഭ സീറ്റില്‍ പിടിമുറുക്കാന്‍ പിന്നെ കഴിയുകയില്ല. അതേസമയം, കോട്ടയം സീറ്റില്‍ ജയിച്ചാലും തോറ്റാലും രാജ്യസഭാ സീറ്റ് ആവശ്യത്തില്‍ നിന്നും പിന്‍മാറാന്‍ കേരള കോണ്‍ഗ്രസ്സ് (എം)നും കഴികയുമില്ല. സി.പി.എം നേതൃത്വത്തിലാണ് ജോസ് കെ മാണിയുടെ സകല പ്രതീക്ഷയും ഉള്ളത്. യു.ഡി.എഫിലേക്ക് തിരിച്ചു പോകാന്‍ കേരള കോണ്‍ഗ്രസ്സിലെ നല്ലൊരു വിഭാഗത്തിനും താല്‍പ്പര്യമില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ സി.പി.ഐയും കേരള കോണ്‍ഗ്രസ്സും അവകാശവാദം ഉന്നയിക്കുന്നത് ന്യായമാണെങ്കിലും, എന്തടിസ്ഥാനത്തിലാണ് ആര്‍.ജെ.ഡിയും എന്‍.സി.പിയും അവകാശവാദം ഉന്നയിക്കുന്നതെന്നാണ് സി.പി.എം പ്രവര്‍ത്തകരും ചോദിക്കുന്നത്. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന എ.കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കുകയാണ് വേണ്ടതെന്ന ആവശ്യവും സി.പി.എം അണികളില്‍ നിന്നും ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നാസിക്ക് ഉള്‍പ്പെടെയുള്ള പല മേഖലകളിലും സി.പി.എമ്മിന് ശക്തിയുണ്ടായിട്ടും ഒരു ലോകസഭ സീറ്റില്‍ പോലും പിന്തുന്ന നല്‍കാന്‍ എന്‍. സി.പി തയ്യാറാകാത്തതും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പല പാര്‍ട്ടികളിലൂടെ മാറി മറിഞ്ഞും മുന്നണി മാറിയും ഒടുവില്‍ ആര്‍.ജെ.ഡിയില്‍ ചേക്കേറിയ എം.വി ശ്രേയാംസ് കുമാര്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെടുന്നതിലും സി.പി.എമ്മിനുള്ളില്‍ കടുത്ത അതൃപ്തിയാണ് ഉളളത്. യു.ഡി.എഫിന്റെ ശൈലിയില്‍ ഇടതുപക്ഷത്ത് ഇരുന്ന് രാജ്യസഭാ സീറ്റ് വിവാദമാക്കുന്നതിലാണ് പ്രതിഷേധം.