ഫ്രൈഡ് ചിക്കന്‍ എന്ന് പറയുമ്പോള്‍ എല്ലാവരുടേയും മനസില്‍ ആദ്യം വരുന്നത് കെന്‍റകി ഫ്രൈഡ് ചിക്കന്‍ അഥവാ കെഎഫ്സി ആയിരിക്കും. ലോകമെമ്പാടും സാന്നിധ്യമുള്ള ആയിരക്കണക്കിന് ഔട്ട്ലറ്റുകളുള്ള കെഎഫ്സി പക്ഷെ നില നില്‍പ്പിനായുള്ള പോരാട്ടത്തിലാണെന്ന വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ വില്‍പനയിലുള്ള ഇടിവാണ് കെഎഫ്സി നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. 2010 മുതലാണ് വില്‍പനയിലെ ഇടിവ് ദൃശ്യമായിത്തുടങ്ങിയത്. മറ്റ് ഫ്രൈഡ് ചിക്കനുകള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളുടെ കടന്നുവരവും കെഎഎഫ്സിക്ക് തിരിച്ചടിയായി. പല സ്ഥലങ്ങളിലും പ്രാദേശികമായി ഫ്രൈഡ് ചിക്കന്‍ റെസ്റ്റോറന്‍റുകള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. കെഎഫ്സിയുടെ പ്രധാന കേന്ദ്രമായ അമേരിക്കയില്‍ മാത്രമല്ല, ആഗോള തലത്തില്‍ തന്നെ വിവിധ കമ്പനികള്‍ ഫ്രൈഡ് ചിക്കന്‍ വിപണിയില്‍ സജീവമാണ്. ഇതോടെ വിവിധ രാജ്യങ്ങളിലായി കെഎഫ്സിയുടെ ഔട്ട്ലറ്റുകള്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ കെന്‍റക്കി ഫ്രൈഡ് ചിക്കന്‍റെ 25,000-ലധികം ഔട്ട്ലെറ്റുകള്‍ ഉണ്ട്.
വിപണി വിഹിതത്തിന്‍റെ കാര്യത്തില്‍ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം തന്നെ മൂന്നാം സ്ഥാനത്തേക്ക് കെഎഫ്സി പിന്തള്ളപ്പെട്ടിരുന്നു. കെഎഫ്സിയുടെ വിപണി വിഹിതം 2022നെ അപേക്ഷിച്ച് 2023ല്‍ 16.1% ല്‍ നിന്ന് 11.3% ആയി കുറഞ്ഞു. പലസ്തീന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിന്‍റെ പക്ഷം പിടിക്കുന്ന അമേരിക്കക്കെതിരായ ആഗോള പ്രചാരണവും കെഎഫ്സിക്ക് തിരിച്ചടിയായിട്ടുണ്ട്. അറബ് രാഷ്ടങ്ങളിലും, പലസ്തീന്‍ അനുകൂല രാഷ്ട്രങ്ങളിലും കെഎഫ്സി ബഹിഷ്കരണം വ്യാപകമായിരിക്കുകയാണ്. അടുത്തിടെ മലേഷ്യയില്‍ മാത്രം നൂറിലധികം കെഎഫ്സി ഔട്ട്ലെറ്റുകള്‍ ആണ് അടച്ചു പൂട്ടിയത്.
1995ല്‍ ആണ് കെഎഫ്സി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ബെംഗളൂരുവിലായിരുന്നു ആദ്യത്തെ ശാഖ ആരംഭിച്ചത്. ദേവയാനി ഇന്‍റര്‍നാഷണല്‍ ആണ് കെഎഫ്സിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിതരണക്കാര്‍. അറുനൂറോളം ശാഖകളാണ് ദേവയാനി പ്രവര്‍ത്തിപ്പിക്കുന്നത്. നൈജീരിയ, നേപ്പാള്‍ എന്നിവിടങ്ങളിലും ദേവയാനിയാണ് കെഎഫ്സിയുടെ വിതരണക്കാര്‍.