തിരുവനന്തപുരം: വിമുക്തസൈനികര്‍ക്ക് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കായി രണ്ടു കോടി രൂപവരെയാണ് വായ്പ അനുവദിക്കുന്നത്. ഇത് അഞ്ചു ശതമാനം പലിശ ഇളവ് ലഭിക്കും. സംരംഭകന്‍ ആറു ശതമാനം പലിശ മാത്രം നല്‍കിയാല്‍ മതിയാകും. ഈ പദ്ധതിയ്ക്കായി 50 കോടി രൂപ കെഎഫ്‌സിയില്‍നിന്നും വകയിരുത്തുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി (സിഎംഇഡിപി)യുടെ ഭാഗമായാണ് സിഎംഇഡിപി- എക്‌സ് സര്‍വ്വീസ് മെന്‍ സ്‌കീം എന്ന പേരില്‍ വായ്പാ പദ്ധതി നടപ്പാക്കുന്നത്. ഒരുവര്‍ഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതി ചെലവിന്റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും. 11 ശതമാനം പലിശ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെങ്കിലും, മൂന്ന് ശതമാനം സര്‍ക്കാര്‍ സബ്‌സിഡി അനുവദിക്കും. രണ്ട് ശതമാനം കെഎഫ്‌സി പലിശ റിബേറ്റും ലഭിക്കും. ബാക്കി ആറു ശതമാനം മാത്രമാണ് സംരംഭകന്‍ നല്‍കേണ്ടത്.
എംഎസ്എംഇ ഉദയം രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്ന സംരംഭങ്ങള്‍ക്കായിരിക്കും വായ്പ ലഭ്യമാകുക. അപേക്ഷകര്‍ വിമുക്ത സൈനികര്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡും, ജില്ലാ സൈനികക്ഷേമ ഓഫീസ് നല്‍കുന്ന കത്തും ഹാജരാക്കണം. ഈ സാമ്പത്തികവര്‍ഷം 50 എംഎസ്എംഇകള്‍ക്ക് എങ്കിലും വായ്പ ലഭ്യമാക്കാനാണ് കെഎഫ്സി ലക്ഷ്യമിടുന്നത്. താല്പര്യമുള്ളവര്‍ക്ക് www.kfc.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.