ലുധിയാന: ജയിലില്‍ കഴിയവെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിന്റെ സഹോദരന്‍ ഹര്‍പ്രീത് സിങ്ങ് മയക്കുമരുന്ന് കേസില്‍ പിടിയിൽ. ലുധിയാനയിലേക്കുള്ള യാത്രക്കിടെ ജലന്തര്‍-പാനിപ്പത്ത് ദേശീയപാതയില്‍ ഫില്ലോറില്‍നിന്നാണ് പിടികൂടിയത്. നാല് ഗ്രാം മെത്താംഫെറ്റമിനുമായി ലവ്പ്രീത് സിങ്, സന്ദീപ് അറോറ എന്നിവര്‍ക്കൊപ്പം ജലന്തര്‍ റൂറല്‍ പൊലീസ് ഹര്‍പ്രീതിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇത് തന്റെ കുടുംബത്തിനും അമൃത്പാല്‍ സിങ്ങിനെ പിന്തുണക്കുന്നവര്‍ക്കും എതിരായ ഗൂഢാലോചനയാണെന്നാണ് ഹര്‍പ്രീത് സിങ്ങിന്റെ പിതാവ് ടര്‍സേം സിങ്ങ് ആരോപിച്ചു. ‘ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാരിന് ഇത്തരം ഗൂഢാലോചന നടത്താന്‍ കഴിയുമെന്നറിയാം. തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് സര്‍ക്കാരുകള്‍ ഇത് ചെയ്യുന്നത്. യുവാക്കളെ രക്ഷിക്കുക എന്ന അമൃതപാല്‍ സിങ്ങിന്റെ ദൗത്യം പരാജയപ്പെടുത്തുകയും ബണ്ടി സിങ്ങുമാരുടെ മോചനത്തിന് തടസം സൃഷ്ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ബണ്ടി സിങ്ങുമാരുടെ മോചനത്തിനായി ഇന്ന് ബഗപുരാനയില്‍ ഒരു മാര്‍ച്ച് നിശ്ചയിച്ചതായിരുന്നു. ഹര്‍പ്രീത് സിങ്ങും ഇതില്‍ പങ്കെടുക്കാനിരുന്നതാണ്. എന്നാല്‍, സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് ഗൂഢാലോചന നടന്നത്. മുമ്പും സര്‍ക്കാര്‍ വ്യാജ കേസുകള്‍ എടുത്തിട്ടുണ്ട്. സിക്കുകാരെ വ്യാജ ഏറ്റുമുട്ടലുകളില്‍ വധിക്കുക പോലുമുണ്ടായി’ -എന്നിങ്ങനെയായിരുന്നു ടര്‍സേം സിങ്ങിന്റെ ആരോപണം.
ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ അമൃതപാല്‍ സിങ് നിലവില്‍ അസമിലെ ദിബ്രുഗഢിലെ ജയിലിലാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രത്യേക അനുമതിയോടെ അദ്ദേഹം ഡല്‍ഹിയിലെത്തിയിരുന്നു. കോണ്‍ഗ്രസിലെ കുല്‍ബീര്‍ സിങ് സിറയെ രണ്ട് ലക്ഷത്തോളം വോട്ടിന് പരാജയപ്പെടുത്തിയാണ് ജയിലിലിരിക്കെ അമൃത്പാല്‍ സിങ് ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് ലോക്‌സഭാംഗമായത്.