യു.എസില്‍ ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ചെക്ക് റിപ്പബ്ലിക്കില്‍ പിടിയിലായ ഇന്ത്യക്കാരന്‍ നിഖില്‍ ഗുപ്തയെ യു.എസിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജൂണിലാണ് അമേരിക്കയുടെ നിര്‍ദേശ പ്രകാരം ചെക്ക് റിപ്പബ്ലിക്ക് സര്‍ക്കാര്‍ നിഖില്‍ ഗുപ്തയെ അറസ്റ്റു ചെയ്തത്.
നിഖില്‍ ഗുപ്തയെ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കല്‍ കേന്ദ്രമായ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ താമസിപ്പിച്ചിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണ്‍സ് വെബ്സൈറ്റും ചില അടുത്ത വൃത്തങ്ങളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
2023 നവംബറിലാണ് ഇന്ത്യന്‍ റോ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ പൗരനായ പന്നുവിനെ വധിക്കാന്‍ പദ്ധതിയിട്ടതായി അമേരിക്ക ആരോപണം ഉന്നയിച്ചത്. ഉത്തരേന്ത്യയില്‍ പരമാധികാര സിഖ് രാഷ്ട്രത്തിന് വേണ്ടി വാദിച്ച യു.എസില്‍ താമസിക്കുന്ന ഗുര്‍പ്ത്വന്ത് സിങ് പന്നുവിനെ കൊല്ലാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് നിഖില്‍ ഗുപ്ത ഗൂഢാലോചന നടത്തി എന്നായിരുന്നു യു.എസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ വാദം.
യു.എസിന്റെയും കാനഡയുടെയും ഇരട്ട പൗരത്വമുള്ളയാളാണ് ഗുര്‍പത്വന്ത് സിങ് പന്നു. പലതരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടര്‍ന്ന് 2020ല്‍ ഇന്ത്യ പന്നുവിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഞ്ചാബില്‍ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഗുര്‍പത്വന്ത് സിങ് പന്നു. 2022 ഒക്ടോബറില്‍ ഇന്ത്യ ഇന്റര്‍പോളിനോട് പന്നുവിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് അയക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റെഡ് കോര്‍ണര്‍ നോട്ടീസ് അയക്കാനുള്ള തെളിവുകളില്ലെന്ന് പറഞ്ഞ് ഇന്റര്‍പോള്‍ ഇന്ത്യയുടെ ആവശ്യം തള്ളുകയായിരുന്നു.