ന്യൂഡൽഹി: പഞ്ചാബിൽ ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയതിന് പിന്നിലും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനയായ ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്സാണെന്ന് (KLF) സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി ദേശീയ അന്വേഷണ ഏജൻസി. 2020 ഒക്ടോബറിലായിരുന്നു ബൽവീന്ദർ സിംഗ് സന്ധു കൊല്ലപ്പെട്ടത്. 1990കളിൽ ഭീകരർക്കെതിരെ നടത്തിയ പോരാട്ടത്തിനായിരുന്നു സന്ധുവിന് ശൗര്യചക്ര നൽകി രാജ്യം ആദരിച്ചത്.
ടാൺ ടരൺ ജില്ലയിലെ ഭിഖിവിന്ദിലുള്ള വീടിന് പുറത്തു വെച്ച് ശൗര്യചക്ര ജേതാവായ സന്ധുവിനെ വെടിവച്ച് കൊല്ലുകയായിരുന്നു. ബൽവീന്ദർ സിംഗ് സന്ധു വധവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ 111 പേജുള്ള സത്യവാങ്മൂലം എൻഐഎ സമർപ്പിച്ചിരുന്നു. കാനഡയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരനായ സണ്ണി ടൊറന്റോ എന്ന സുഖ്മീത് പാൽ സിംഗാണ് കൊല നടത്തിയതെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
Also Read: നിജ്ജറിന്റെ കൊലപാതകം: പുതിയ നടപടിയുമായി കാനഡ
ഖലിസ്ഥാൻ ഭീകരനായിരുന്ന ഭിന്ദ്രൻവാലെയുടെ അനന്തരവൻ ലഖ്ബീർ സിംഗും കൊലപാതകത്തിൽ പങ്കാളിയായിരുന്നു. എൻഐഎ സമർപ്പിച്ച ചാർജ്ഷീറ്റിൽ സണ്ണി ടൊറന്റോയും ലഖ്ബീർ സിംഗുമാണ് പ്രതികൾ. ഇവരിൽ ലഖ്ബീർ സിംഗ് പാകിസ്താനിൽ വച്ച് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. സായുധപോരാട്ടത്തിലൂടെ ഖാലിസ്ഥാൻ സ്ഥാപിക്കുകയെന്നതാണ് ഖാലിസ്ഥാൻ
ലിബറേഷൻ ഫോഴ്സിന്റെ പ്രധാന അജണ്ടയെന്നും എൻഐഎ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഖാലിസ്ഥാൻ ഭീകരനായിരുന്ന ഭിന്ദ്രൻവാലെയുടെ പ്രത്യയശാസ്ത്രങ്ങളെ എതിർക്കുന്ന സ്ഥാപനങ്ങളും വ്യക്തികളുമാണ് KLFന്റെ ഹിറ്റ്-ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഈ ഗൂഢാലോചനയുടെ ഭാഗമായിരുന്നു ബൽവീന്ദർ സിംഗ് സന്ധുവിന്റെ വധമെന്നും എൻഐഎ വ്യക്തമാക്കുന്നു.