ഇ.വി.6 എന്ന മോഡലിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ സൗന്ദര്യത്തിന് പുതിയ നിര്‍വചനം നല്‍കിയ വാഹന നിര്‍മാതാക്കളാണ് കിയ മോട്ടോഴ്സ്. ഇ.വി.3 എന്ന കണ്‍സെപ്റ്റിലൂടെ സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വരവ് തുടരുമെന്നും കിയ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ച ഈ കണ്‍സെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷന്‍ പതിപ്പ് അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കിയ. മെയ് 23-ന് ഇ.വി.3 അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അവതരണത്തിന് മുന്നോടിയായി പ്രൊഡക്ഷന്‍ മോഡലിന്റെ ഡിസൈന്‍ സവിശേഷതകള്‍ വെളിപ്പെടുത്തുന്ന ഏതാനും ടീസര്‍ ചിത്രങ്ങളും കിയ പുറത്തിറക്കിയിരുന്നു.
കണ്‍സെപ്റ്റ് മോഡലിന്റെ ഡീസൈനോട് നീതി പുലര്‍ത്തുന്ന തരത്തിലാണ് പ്രൊഡക്ഷന്‍ പതിപ്പും എത്തിയിട്ടുള്ളതെന്നാണ് ടീസര്‍ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. മുന്നിലേയും പിന്നിലേയും ലൈറ്റുകള്‍ ഫോക്കസ് ചെയ്തുള്ള ചിത്രങ്ങളാണ് ടീസറായി നല്‍കിയിട്ടുള്ളത്. സ്റ്റാര്‍ മാപ്പ് ലൈറ്റിങ്ങ് അനുസരിച്ചാണ് ഇവ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വാഹനത്തിന് ഉയര്‍ന്ന വീല്‍ബേസും ഇന്റീരിയറില്‍ മികച്ച സ്‌പേസും ഉറപ്പാക്കുന്നതിനായി ടയറുകള്‍ പരമാവധി രണ്ട് അറ്റത്തേക്കും നീക്കിയാണ് നല്‍കിയിട്ടുള്ളത്. കിയയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഇ.വി.9-ന് സമാനമായി കൂടുതല്‍ ബോക്സി ഭാവത്തിലാണ് എക്സ്റ്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. കിയയുടെ സിഗ്‌നേച്ചര്‍ ഡിസൈനായ ടൈഗര്‍ ഫേസിന് പുതിയ നിര്‍വചനം നല്‍കുന്ന ഡിസൈനായിരിക്കും ഇ.വി.3- യ്ക്ക് നല്‍കുകയെന്നാണ് കിയ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.
ഇ.വി.6, ഇ.വി.9 മോഡലുകളുമായി പ്ലാറ്റ്‌ഫോം പങ്കിട്ടായിരിക്കും ഇ.വി.3-യും ഒരുങ്ങുന്നത്. ഹ്യുണ്ടായി മോട്ടോര്‍ ഗ്രൂപ്പ് വികസിപ്പിച്ച ഇ-ജി.എം.പി. പ്ലാറ്റ്‌ഫോമാണ് ഈ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്നത്. വിവിധ പവര്‍ട്രെയിനുകളും പല വലിപ്പത്തിലുള്ള ബാറ്ററി പാക്കുകളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നതാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രധാന സവിശേഷത. 400 വോള്‍ട്ട് ഇലക്ട്രിക് ആര്‍കിടെക്ചറിലായിരിക്കും ഇ.വി3 ഒരുങ്ങുന്നത്. ഇ.വി.6, ഇ.വി.9 മോഡലുകള്‍ 800 വോള്‍ട്ടി ആര്‍ക്കിടെക്ചറിലാണ് ഒരുങ്ങുന്നത്. വിവിധ പവര്‍ട്രെയിനുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായതിനാല്‍ തന്നെ അടിസ്ഥാന മോഡല്‍ വാഹനത്തിന് പോലും 218 ബി.എച്ച്.പി. പവര്‍ വരെ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.
വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഇതുവരെ കിയ വെളിപ്പെടുത്തിയിട്ടില്ല. വിവിധ പവറിലുള്ള ബാറ്ററി പാക്കുകള്‍ക്കൊപ്പം സിംഗിള്‍, ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളും ഈ വാഹനത്തില്‍ നല്‍കിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജി.ടി. മോഡല്‍ എത്താനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ആഗോള വിപണിയില്‍ അവതരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ വാഹനം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഒന്നും ലഭ്യമല്ല. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയ പ്രദര്‍ശനത്തിന് എത്തിച്ച ഇ.വി.9 ഇലക്ട്രിക് എസ്.യു.വിയായിരിക്കും കിയ അടുത്തതായി ഇന്ത്യയില്‍ എത്തിക്കുന്ന ഇലക്ട്രിക് മോഡല്‍. ഈ വര്‍ഷം അവസാനത്തോടെ ഇ.വി.9 എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിയ മോട്ടോഴ്സ് നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്ന ക്ലാവിസ് എന്ന മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് വാഹനവും കിയ എത്തിച്ചേക്കും.