തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. സ്ഥാനാര്‍ത്ഥിയായതിനാല്‍ ഇഡിക്ക് മുമ്പാകെ ഹാജരാകുന്നതില്‍ നിന്ന് സിംഗിള്‍ ബെഞ്ച് തോമസ് ഐസക്കിനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയായിരുന്നു ഇഡിയുടെ അപ്പീല്‍.
ഇലക്ഷന്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഹര്‍ജിയ്ക്ക് പ്രസക്തി ഇല്ലെന്ന് വ്യക്തമാക്കിയായിരുന്നു ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തീര്‍പ്പാക്കിയത്. ആക്ഷേപങ്ങള്‍ സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഉന്നയിക്കാന്‍ ഇഡിക്ക് നിര്‍ദേശവും നല്‍കി. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുന്നതിനായി ഇ.ഡി സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ചിരുന്നു. മസാലബോണ്ട് ചെലവഴിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ്. ഇക്കാര്യത്തില്‍ ചില വ്യക്തതകള്‍ വരുത്തേണ്ടതുണ്ടെന്ന് രേഖകള്‍ പരിശോധിച്ച ശേഷം കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.