CMDRF

കിൽ, ഡ്യൂൺ 2, കൽകി, ടർബോ, ഇന്ത്യൻ 2, ഉള്ളൊഴുക്ക്; ആഗസ്റ്റിലെ ഒടിടി റിലീസുകൾ !

കിൽ, ഡ്യൂൺ 2, കൽകി, ടർബോ, ഇന്ത്യൻ 2, ഉള്ളൊഴുക്ക്; ആഗസ്റ്റിലെ ഒടിടി റിലീസുകൾ !
കിൽ, ഡ്യൂൺ 2, കൽകി, ടർബോ, ഇന്ത്യൻ 2, ഉള്ളൊഴുക്ക്; ആഗസ്റ്റിലെ ഒടിടി റിലീസുകൾ !

മീപകാലത്ത് ബോക്‌സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിക്കുകയും ചർച്ചയാവുകയും ചെയത് സിനിമകൾ ഒടിടി റീലീസിന് ഒരുങ്ങുകയാണ്. അവ ഏതെന്ന് നോക്കാം

ഡ്യൂൺ പാർട്ട് 2

ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്ത സയൻസ് ഫിക്ഷൻ ചിത്രം ഡ്യൂൺ പാർട് 2 ഒടിടി റീലിസിനെത്തുന്നു. മാർച്ച് 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിജയമായിരുന്നു. 2021ൽ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടർച്ചയാണിത്. സിനിമയുടെ മുതൽമുടക്ക് 190 മില്യൻ ഡോളറാണ്. 711 മില്യൺ ഡോളറോളമാണ് വരുമാനം നേടിയത്. ആഗസ്റ്റ് 1 (ഇന്ന്) മുതൽ ചിത്രം ജിയോ സിനിമയിൽ കാണാം. തിമോത്തെ ഷാലമെ, റെബേക്ക ഫെർഗസൻ, ജോഷ് ബ്രോളിൻ, ഡേവിഡ് ബാറ്റിസ്റ്റ, സെൻഡായ, ജാവിയർ ബാർഡെം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡ്യൂൺ ആദ്യഭാഗം നെറ്റ്ഫ്‌ലിക്‌സിലൂം ലഭ്യമാണ്.

ടർബോ

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ കോമഡി ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ‘ടർബോ’. ചിത്രം പറയുന്നത് ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. തിയേറ്ററുകളിൽ വൻ വിജയമായ ടർബോ ആഗസ്റ്റ് 9 ന് ഒടിടി റിലീസിനെത്തും. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം വാങ്ങിയിരിക്കുന്നത്.

ഉള്ളൊഴുക്ക്

ഉർവ്വശിയെയും പാർവ്വതിയെയും പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ റിലീസായ ചിത്രമാണ് ഉള്ളൊഴുക്ക്. അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ ‘കറി& സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചർ ഫിലിം കൂടിയാണ് ഉള്ളൊഴുക്ക്. ജൂൺ 21-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഉർവശി, പാർവതി എന്നിവരെക്കൂടാതെ അലൻസിയർ, പ്രശാന്ത് മുരളി, അർജുൻ രാധാകൃഷ്ണൻ, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്. തിയേറ്ററിൽ വലിയ ശ്രദ്ധനേടുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്ത ചിത്രമാണിത്. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്. ആഗസ്റ്റ് അവസാനത്തോടെ സ്ട്രീമിങ് ആരംഭിക്കും.

തലവൻ

മികച്ച പ്രേക്ഷക പ്രതികരണത്തോടെ ബോക്‌സോഫീസിൽ സൂപ്പർഹിറ്റായി മാറിയ ജിസ് ജോയുടെ പുതിയ ബിജു മേനോൻ – ആസിഫ് അലി ചിത്രമാണ് തലവൻ. മേയ് 24-നു പുറത്തിറങ്ങിയ ചിത്രത്തെ നിരൂപകരും പ്രേക്ഷകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഫീൽ – ഗുഡ് ചിത്രങ്ങളിൽനിന്നുള്ള സംവിധായകൻ ജിസ് ജോയുടെ വ്യതിചലനം ഗുണം ചെയ്തപ്പോൾ മികച്ചൊരു ത്രില്ലറാണ് സിനിമാ പ്രേക്ഷകർക്ക് ലഭിച്ചത്. കമൽ ഹാസൻ അടക്കം കലാസാംസ്‌കാരിക മേഖലയിലെ പല പ്രമുഖരും ചിത്രത്തെ അഭിനന്ദിച്ച് മുന്നോട്ടുവന്നിരുന്നു.അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോണി ലീവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഓണത്തോട് അനുബന്ധിച്ചായിരിക്കും ഒടിടി റിലീസ്.

മനോരഥങ്ങൾ

എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കി മെഗാസ്റ്റാർസ്‌ മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന മനോരഥങ്ങൾ എന്ന ഒൻപത് സിനിമകളുടെ സമാഹാരം ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകരിലേക്ക്. ഓഗസ്റ്റ് 15-ന് ചിത്രം സീ 5 ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ സ്ട്രീം ചെയ്യും. മലയാളത്തിൽ മാത്രമല്ല,തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ സീ 5 ൽ ലഭ്യമാകും.

കൽക്കി 2898

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ജൂൺ 27 ന് റിലീസ് ചെയ്ത ചിത്രം ഇതോടെ 1100 കോടി ബോക്‌സ് ഓഫീസിൽ നിന്ന് വരുമാനം നേടി കഴിഞ്ഞു. മഹാഭാരത യുദ്ധം നടന്ന് ആറായിരം വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യയാണ് അത്യന്തം ഭാവനാത്മകമായി നാഗ് അശ്വിൻ പ്രേക്ഷകർക്കുമുന്നിലെത്തിച്ചിരിക്കുന്നത്. മഹാഭാരതകഥയുമായി പ്രത്യേകിച്ച് അശ്വത്ഥാമാവിന്റെ കഥയുമായി ബന്ധപ്പെടുത്തിയാണ് ചിത്രം മുന്നോട്ടുസഞ്ചരിക്കുന്നത്. അശ്വത്ഥാമാവുതന്നെയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രവും.
ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

കിൽ

ബോളിവുഡ് ആക്ഷൻ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമാണ് കിൽ. നിഖിൽ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൌഹാൻ ആശിഷ് വിദ്യാർത്ഥി എന്നിവരാണ് വേഷമിട്ടത്. കളക്ഷൻ കണക്കുക്കൾ എന്നതിനപ്പുറം മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് മൂന്നാം ആഴ്ചയിൽ തന്നെ ഒടിടിയിൽ എത്തിയ ചിത്രമാണ് കിൽ. വിദേശത്തുള്ളവർക്ക് വേണ്ടി ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം റിലീസ് ചെയ്തിരുന്നു. 24.99 ഡോളർ (2,092 രൂപ) നൽകിയാണ് പ്രൈമിൽ കാണാനാകുക.

ഇന്ത്യൻ 2


ഷങ്കർ സംവിധാനം ചെയ്ത് കമൽഹാസനെ നായകനാക്കി ഇറങ്ങിയ ഇന്ത്യൻ 2 ജൂലൈ 12 നാണ് റിലീസ് ചെയ്തത്. 28 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്. വലിയ താര നിരയ്ക്ക് പുറമെ അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങളെ ഉൾപ്പെടെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2-ൽ കൊണ്ടുവന്നിട്ടുണ്ട്. തിയേറ്ററുകളിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 250 മുതൽ മുടക്കിലൊരുക്കിയ ചിത്രത്തിന് 150 കോടി വരുമാനമാണ് ലഭിച്ചത്.ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വാങ്ങിയത് നെറ്റ്ഫ്‌ലിക്‌സാണ്.

കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്

മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള സംഘർഷം പ്രമേയമായി വന്ന ചിത്രമാണ് കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്. ചിത്രത്തിന്റെ ലോകപ്രശസ്തമായ ‘പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്’ റീ ബൂട്ട് ചലച്ചിത്ര പരമ്പരയിലെ നാലാം ചിത്രമാണ് ‘കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്’. . 2017-ലാണ് പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ് പരമ്പരയിലെ മൂന്നാംചിത്രമായ വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ് പുറത്തിറങ്ങിയത്. ആൾക്കുരങ്ങുകളുടെ രാജാവായ സീസറിന്റെ മരണത്തോടെയാണ് മൂന്നാം ഭാഗം അവസാനിക്കുന്നത്. നാലാംഭാഗത്തിൽ കോണേലിയസ് എന്ന പുതിയ രാജാവാണ് മുഖ്യകഥാപാത്രം.മേസ് റണ്ണർ ചിത്രങ്ങളിലൂടെ പ്രശസ്തനായ വെസ് ബോൾ ആണ് ചിത്രത്തിന്റെ സംവിധായകൻ. മെയ് 10 നാണ് ചിത്രം പുറത്തിറങ്ങിയത്.

പിയറി ബൗളേ 1963-ൽ രചിച്ച പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ് എന്ന നോവലിനെ അടിസ്ഥാനമാക്കി 1968 മുതൽ 2001 വരെ ആറുചിത്രങ്ങൾ റിലീസായിരുന്നു. 2011 മുതലാണ് ഇപ്പോൾ നാലാം പതിപ്പിലെത്തിനിൽക്കുന്ന റീ ബൂട്ട് ചലച്ചിത്ര പരമ്പര ആരംഭിച്ചത്. റൈസ് ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്, ഡോൺ ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ്, വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്‌സ് എന്നിവയായിരുന്നു റീ ബൂട്ട് സീരീസിലെ മറ്റുചിത്രങ്ങൾ.ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യും. ആഗസ്റ്റ് 2 നാണ് റിലീസ്.

Top