CMDRF

ഉത്തരകൊറിയ വെള്ളപ്പൊക്കം: 30 ഉദ്യോഗസ്ഥരെ വധശിക്ഷയ്‌ക്ക് വിധിച്ച് കിം ജോങ് ഉൻ

ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യനിർവ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്

ഉത്തരകൊറിയ വെള്ളപ്പൊക്കം: 30 ഉദ്യോഗസ്ഥരെ വധശിക്ഷയ്‌ക്ക് വിധിച്ച് കിം ജോങ് ഉൻ
ഉത്തരകൊറിയ വെള്ളപ്പൊക്കം: 30 ഉദ്യോഗസ്ഥരെ വധശിക്ഷയ്‌ക്ക് വിധിച്ച് കിം ജോങ് ഉൻ

ത്തരകൊറിയയിൽ നാശം വിതച്ച വെള്ളപ്പൊക്കം തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് ദുരിതബാധിത മേഖലയിലുള്ള 30 ഉദ്യോഗസ്ഥരെ വധശിക്ഷയ്‌ക്ക് വിധിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.ഇവരുടെ ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അടുത്തിടെ രാജ്യത്തുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ആയിരത്തിലധികം ആളുകൾ മരിച്ചുവെന്നാണ് റിപ്പോർട്ട്.ഈ മരണങ്ങൾക്ക് ഉത്തരവാദികളെന്ന് കരുതുന്ന 30ഓളം സർക്കാർ ഉദ്യോഗസ്ഥരെയാണ് വധശിക്ഷക്ക് വിധേയമാക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടതെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

Also Read: ചൈന സമൂഹ മാധ്യമങ്ങളിലൂടെ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നു; യു.എസ് സംഘം

ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യനിർവ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിവരം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 2019 മുതൽ ചാഗാംഗ് പ്രവിശ്യാ പാർട്ടി കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കാങ് ബോങ്-ഹൂണും ഉൾപ്പെടുന്നുവെന്ന് ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.

ജൂലൈയിലാണ് ഉത്തരകൊറിയയിൽ കനത്ത മഴ പെയ്ത് വെള്ളപ്പൊക്കമുണ്ടായത്. ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

Also Read: പുടിനെ അറസ്റ്റ് ചെയ്തില്ല; പകരം വമ്പൻ വരവേൽപ്പ് നൽകി മംഗോളിയ

മരണങ്ങൾ സംഭവിച്ചതിന് പുറമെ നിരവധി പേർക്ക് വീടുകൾ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്‌ക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുമായിരുന്നുവെന്നും, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു.

പ്രളയം 4,000-ത്തിലധികം വീടുകളെ ബാധിക്കുകയും 15,000 താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കിം ജോങ് ഉൻ തന്നെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും പ്രളയത്തിൽ പൂർണമായും മുങ്ങിയ സമീപപ്രദേശങ്ങൾ പുനർനിർമിക്കാനും പുനഃസ്ഥാപിക്കാനും മാസങ്ങളെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

Top