ലോക പൊലീസ് ചമയുന്ന അമേരിക്ക പോലും ഏറ്റവും അധികം ഭയപ്പെടുന്ന ഭരണാധികാരിയാണ് കമ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ആണവായുധങ്ങൾ കൈവശമുള്ള ഉത്തര കൊറിയ അത് അമേരിക്കയ്‌ക്കെതിരെ പ്രയോഗിക്കുമെന്ന് പലവട്ടം പരസ്യമായി പ്രഖ്യാപിച്ചിട്ടും ഇതുവരെ ഉത്തര കൊറിയയെ തൊടാൻ പോലും അമേരിക്കയ്‌ക്കോ അവരുടെ സഖ്യകക്ഷികൾക്കോ കഴിഞ്ഞിട്ടില്ല. ഉപരോധം ഏർപ്പെടുത്തുക എന്നതിലുപരി മറ്റൊരു സൈനിക നടപടിയിലേക്കും പോകാനുള്ള ധൈര്യം അമേരിക്കൻ ചേരിക്ക് ഇല്ലെന്നതാണ് യാഥാർത്ഥ്യം.
അതുകൊണ്ടാണ് ട്രംപിന്റെ ഭരണകാലത്ത് ആണവ പോർമുന അമേരിക്കയ്ക്ക് നേരെ തിരിച്ചുവച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് തന്നെ ഓടിവന്ന് കിം ജോങ് ഉന്നുമായി സമവായ ചർച്ച നടത്തിയിരുന്നത്. അമേരിക്ക ദക്ഷിണ കൊറിയയെ സഹായിക്കുന്നതും ഉത്തര കൊറിയക്ക് നേരെ ഉപരോധം ഏർപ്പെടുത്തിയതിലും കടുത്ത പക ഇപ്പോഴും ഉത്തര കൊറിയക്കുണ്ട്. സോവിയറ്റ് യൂണിയന്റെ കാലം മുതൽ നൽകിയ ആയുധങ്ങൾക്കും ചൈന നൽകിയ ആയുധങ്ങൾക്കും പുറമെ അപകടകാരികളായ അനവധി ആയുധങ്ങൾ ഉത്തര കൊറിയ ഇതിനകം തന്നെ വികസിപ്പിച്ചിട്ടുമുണ്ട്.
ഇതെല്ലാം പ്രയോഗിക്കാൻ ഒരവസരം കാത്തിരുന്ന കിം ജോങ് ഉന്നിന് അത്തരമൊരവസരം റഷ്യ ഇപ്പോൾ നൽകിയതായാണ് ലഭിക്കുന്ന വിവരം. യുക്രെയിന് ആയുധങ്ങളും കൂലി പട്ടാളത്തെയും നൽകി സഹായിക്കുന്ന അമേരിക്കയെ അതേ രൂപത്തിൽ തന്നെ നേരിടാൻ ഉത്തര കൊറിയൻ സൈന്യത്തിനാണിപ്പോൾ അവസരം ലഭിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Also Read: ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ വൻ പ്രത്യാഘാതമെന്ന് റഷ്യ, ഇസ്രയേലിന് മുന്നറിയിപ്പ് നൽകി
റഷ്യയുമായി ചേർന്ന് യുദ്ധം ചെയ്യാൻ ഉത്തരകൊറിയ സൈന്യത്തെ അയച്ച് തുടങ്ങിയതായി ദക്ഷിണ കൊറിയയുടെ ചാര ഏജൻസിയെ ഉദ്ധരിച്ച് ബി.ബി.സിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് മേഖലയിൽ ഗുരുതരമായ സുരക്ഷാ ഭീഷണിക്ക് കാരണമായതായാണ് മുന്നറിയിപ്പ്.
ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ 10,000 ഉത്തരകൊറിയൻ സൈനികർ യുദ്ധത്തിൽ പങ്ക് ചേർന്നതായി യുക്രെയിൻ പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു റിപ്പോർട്ട് ദക്ഷിണ കൊറിയൻ ചാര സംഘടനയും നൽകിയിരിക്കുന്നത്. അവരുടെ കണക്കുപ്രകാരം 12,000 ഉത്തര കൊറിയൻ സൈനികരാണ് റഷ്യൻ മുന്നണിയിൽ ചേർന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നാണ് ദക്ഷിണ കൊറിയയും യുക്രെയിനും ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏകാധിപതിയെന്നും, യുദ്ധക്കൊതിയനെന്നും പാശ്ചാത്യ മാധ്യമങ്ങളും നാറ്റോ സഖ്യവും വിലയിരുത്തുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഇന്ന്… ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനാണ്. പുടിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ ‘അടുത്ത സഖാവ്’ എന്നാണ്, കിം ജോങ് ഉൻ വിശേഷിപ്പിച്ചിരുന്നത്.
പുടിൻ എന്തു പറഞ്ഞാലും കിം ചെയ്യുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനാകട്ടെ കാരണങ്ങൾ പലതുമാണ്. സോവിയറ്റ് യൂണിയന്റെ കാലം മുതൽ കൊറിയകൾ തമ്മിലുള്ള തർക്കത്തിൽ ഉത്തര കൊറിയയുടെ ഒപ്പംനിന്ന ചരിത്രമാണ് റഷ്യയ്ക്കുള്ളത്. സോവിയറ്റ് യൂണിയനിൽ കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചെങ്കിലും അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ഇപ്പോഴും പുടിന്റെ നേതൃത്വത്തിൽ റഷ്യ തുടരുന്നുണ്ട് എന്നു തന്നെയാണ് കിം ജോങ് ഉൻ വിശ്വസിക്കുന്നത്.
അമേരിക്കൻ ചേരിയുടെ ഭാഗത്ത് നിന്നുള്ള പ്രതികാര നടപടികൾ ചെറുക്കാൻ റഷ്യയുമായി പ്രത്യേക സൈനിക ഉടമ്പടിയിലും കിം ജോങ് ഉൻ അടുത്തയിടെ ഒപ്പുവച്ചിട്ടുണ്ട്. ഇതുപ്രകാരം ഉത്തര കൊറിയക്കെതിരെയും റഷ്യയ്‌ക്കെതിരെയും എന്ത് നീക്കങ്ങൾ ശത്രു രാജ്യങ്ങളിൽ നിന്നും ഉണ്ടായാലും പരസ്പരം സഹായിക്കുമെന്നതാണ് കരാർ. ദക്ഷിണ കൊറിയയെയും അമേരിക്കയെയും ഞെട്ടിച്ച കരാറായിരുന്നു ഇത്.
Also Read: കാത്തിരുന്ന് യഹ്യയെയും വെട്ടി ഇസ്രയേൽ? യുദ്ധക്കലി അടങ്ങാതെ നെതന്യാഹു
ഇത്തരമൊരു ഉടമ്പടിക്ക് ശേഷമാണ് ഉത്തര കൊറിയ റഷ്യയിലേക്ക് സൈനികരെയും ആയുധങ്ങളും അയച്ചുവെന്ന വിവരങ്ങളും, ദക്ഷിണ കൊറിയൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നതായ വിവരങ്ങളും പുറത്ത് വന്നിരുന്നത്. ഇതോടെ ഈ സൗഹൃദ രാജ്യങ്ങളെ കൂടുതലായി സഹായിക്കേണ്ട സമ്മർദ്ദമാണ് അമേരിക്ക നേരിടുന്നത്. ഇതിനുപുറമെ, ഇസ്രയേലിനെയും തായ്‌വാനെയും സംരക്ഷിക്കാനും അമേരിക്കയ്ക്ക് ആയുധങ്ങളും സൈനികരെയും നൽകേണ്ടതായുണ്ട്. ഇത് അമേരിക്കൻ സൈനിക സഖ്യമായ നാറ്റോയ്ക്ക് മേൽ ഉയർത്തുന്ന സമ്മർദ്ദവും… ഏറെയാണ്.
കിഴക്കൻ റഷ്യയിൽ ഏകദേശം 11,000 ഉത്തരകൊറിയൻ സൈനികരാണ് പരിശീലനം നടത്തുന്നത്. ‘നവംബർ ഒന്നിന് അവർ യുക്രെയിന് നേരെ യുദ്ധം ചെയ്യാൻ തയ്യാറാകുമെന്നാണ് യുക്രെയിൻ ഡിഫൻസ് ഇന്റലിജൻസിന്റെ തലവനായ ലെഫ്റ്റനന്റ് ജനറൽ കിറിലോവ് ബുഡനോവ് ഭയക്കുന്നത്.
ഉത്തര കൊറിയക്കാർ റഷ്യൻ ഉപകരണങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കുമെന്നും റഷ്യയുടെ പടിഞ്ഞാറൻ കുർസ്‌ക് മേഖലയിലേക്കായിരിക്കും സൈനികരുടെ ആദ്യ സംഘത്തെ അയയ്ക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വ്‌ലാഡിവോസ്റ്റോക്ക്, ഉസ്സൂറിസ്‌ക്, ഖബറോവ്‌സ്‌ക്, ബ്ലാഗോവെഷ്‌ചെൻസ്‌ക് എന്നിവിടങ്ങളിലെ റഷ്യൻ താവളങ്ങളിൽ ഉത്തരകൊറിയൻ സൈനികർ പരിശീലനം ആരംഭിച്ചതായി ദക്ഷിണ കൊറിയയുടെ ചാരസംഘടനയായ എൻഐഎസും ആരോപിച്ചിട്ടുണ്ട്. ഉത്തര കൊറിയൻ സൈനികർ റഷ്യൻ താവളങ്ങളിൽ എത്തിയതിന്റെയും, കപ്പലിൽ സഞ്ചരിക്കുന്നതിന്റെയും ദൃശ്യങ്ങളും അമേരിക്കൻ ചേരി പുറത്ത് വിട്ടിട്ടുണ്ട്. ആഗസ്റ്റ് മുതൽ ഉത്തരകൊറിയ… റഷ്യയിലേക്ക് ഷെല്ലുകളും മിസൈലുകളും റോക്കറ്റുകളും വഹിക്കുന്ന. 13,000 ഷിപ്പിംഗ് കണ്ടെയ്നറുകൾ അയച്ചതായി കണ്ടെത്തിയതായ വിവരം പാശ്ചാത്യ മാധ്യമങ്ങളും ഇതോടൊപ്പം പുറത്ത് വിട്ടിട്ടുണ്ട്. യുദ്ധക്കൊതിയനായ ഉത്തര കൊറിയൻ ഭരണാധികാരി ഈ യുദ്ധത്തിൽ തന്റെ സൈനികരെ പങ്കെടുപ്പിക്കുന്നത് ‘യുദ്ധ പരിശീലനം’ കൂടി ലക്ഷ്യമിട്ടാണെന്നാണ് അമേരിക്ക സംശയിക്കുന്നത്.
Also Read: ഇറാനെ ആക്രമിക്കാനുള്ള ഉത്തരവിൽ ഒപ്പ് വച്ച് നെതന്യാഹു, യുദ്ധം തിരിച്ചടിക്കുമെന്ന ഭയത്തിൽ അമേരിക്ക
എന്നാൽ, യുക്രെയിനെ മറയാക്കി റഷ്യയോട് യുദ്ധം ചെയ്യുന്ന അമേരിക്കൻ ചേരിയോടുള്ള റഷ്യയുടെ മധുരമായ പ്രതികാരമായാണ് സമാന രീതിയിലുള്ള ഈ നീക്കത്തെ അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. റഷ്യ… ഒരു ഉത്തരവാദിത്തപ്പെട്ട രാജ്യമായതിനാൽ ഏത് കടുത്ത തീരുമാനം എടുക്കുന്നതിന് മുൻപും പുടിൻ… പലവട്ടം സഹപ്രവർത്തകരുമായി കൂടിയാലോചനകൾ നടത്താറുണ്ട്. അതിനെല്ലാം അതിന്റേതായ സിസ്റ്റവും റഷ്യയ്ക്കുണ്ട്. എന്നാൽ, ഉത്തര കൊറിയയിലെ അവസ്ഥ അതല്ല. അവിടെ ഒരു കൂടിയാലോചനയുമില്ല, ചർച്ചയുമില്ല. കിം ജോങ് ഉൻ തീരുമാനമെടുക്കും അത് സൈന്യം നടപ്പാക്കും. ഇതാണ് ഉത്തര കൊറിയൻ രീതി. ആണവ ശക്തിയായ ഉത്തര കൊറിയയുടെ ആ രീതിയെ തന്നെയാണ് യഥാർത്ഥത്തിൽ അമേരിക്കയും ഭയക്കുന്നത്. യുക്രെയിന് നേരെ, റഷ്യ പോലും പ്രയോഗിക്കാൻ മടിച്ച ആയുധങ്ങൾ ഉത്തര കൊറിയ പ്രയോഗിച്ച് കളയുമോ എന്ന ആശങ്കയും ശരിക്കും അമേരിക്കയ്ക്കുണ്ട്. അതാകട്ടെ, ഒരു യാഥാർത്ഥ്യവുമാണ്.
വീഡിയോ കാണാം