CMDRF

പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്ത് കിംഗ് കോഹ്‌ലിയും കാർത്തിക്കും; ആര്‍സിബിക്ക് ആദ്യ വിജയം

പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്ത് കിംഗ് കോഹ്‌ലിയും കാർത്തിക്കും; ആര്‍സിബിക്ക് ആദ്യ വിജയം
പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്ത് കിംഗ് കോഹ്‌ലിയും കാർത്തിക്കും; ആര്‍സിബിക്ക് ആദ്യ വിജയം

 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകളുടെ ആവേശ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ വിരാട് കോഹ്ലിയുടെ (77) തകര്‍പ്പന്‍ ഇന്നിങ്‌സും ദിനേശ് കാർത്തിക്കിന്‍റെയും മഹിപാല്‍ ലോംറോറിന്‍റെയും വെടിക്കെട്ട് ഫിനിഷിങ്ങുമാണ് റോയല്‍ ചലഞ്ചേഴ്‌സിനെ വിജയത്തിലെത്തിച്ചത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റണ്‍സെടുത്തത്. 37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മൂന്നാം ഓവറില്‍ തന്നെ ജോണി ബെയര്‍ സ്റ്റോയെ നഷ്ട്ടപ്പെട്ട പഞ്ചാബ് പതിയെയാണ് സ്‌കോര്‍ ചലിപ്പിച്ചത്. ധവാനും പ്രഭ്സിമ്രന്‍ സിങ്ങും ചേര്‍ന്ന് 55 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ബെംഗളൂരുവിനായി നാലോവറില്‍ 26 റണ്‍സ് വിട്ടുനല്‍കി സിറാജ് രണ്ട് വിക്കറ്റ് നേടി. മൂന്നോവറില്‍ 29 റണ്‍സ് വഴങ്ങി മാക്സ്വെല്ലും രണ്ട് വിക്കറ്റ് നേടി. യഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. മൂന്നാം ഓവറില്‍ ഫാഫ് ഡുപ്ലെസിയെ നഷ്ട്ടമായ ബംഗളൂരുവിന് അഞ്ചാം ഓവറില്‍ കാമറൂണ്‍ ഗ്രീനിനെയും നഷ്ടമായി. മൂന്ന് റണ്‍സ് വീതമായിരുന്നു ഇരുവരും നേടിയത്. കഗിസോ റബാദയ്ക്കാണ് രണ്ട് വിക്കറ്റുകളും. എങ്കിലും ഓപ്പണറായി ഇറങ്ങിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തകര്‍ത്തടിച്ചതോടെ ആര്‍സിബി മുന്നോട്ടുകുതിച്ചു. ഇതിനിടെ കോഹ്‌ലി അര്‍ദ്ധസെഞ്ച്വറി തികച്ചു. 31 പന്തിലായിരുന്നു താരം 50 റണ്‍സടിച്ചത്.

18 റണ്‍സെടുത്ത രജത് പട്ടിദാറിനെയും തൊട്ടടുത്ത ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും (3) പുറത്താക്കി ഹര്‍പ്രീത് ബ്രാര്‍ ആര്‍സിബിയെ ഇരട്ടപ്രഹരമേല്‍പ്പിച്ചു. അവസാന അഞ്ച് ഓവറില്‍ വിജയിക്കാന്‍ 67 റണ്‍സായിരുന്നു ആര്‍സിബിക്ക് വേണ്ടിയിരുന്നത്. 16-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ തുടരെ ബൗണ്ടറികള്‍ പായിച്ച് വിരാട് കോഹ്‌ലി റണ്‍ റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ ഹര്‍പ്രീത് ബ്രാറിന്റെ കൈകളിലെത്തിച്ച് ഹര്‍ഷല്‍ പട്ടേല്‍ കോഹ്‌ലിയെ (77) പുറത്താക്കി.

Top