CMDRF

കിങ് സൽമാൻ സ്റ്റേഡിയം; ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഒരുങ്ങുന്നു

കിങ് സൽമാൻ സ്റ്റേഡിയം; ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഒരുങ്ങുന്നു
കിങ് സൽമാൻ സ്റ്റേഡിയം; ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഒരുങ്ങുന്നു

റിയാദ് : സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ പേരിൽ സ്റ്റേഡിയം വരുന്നു.. 2029-ഓടെ പൂർത്തിയാകുന്ന കിങ് സൽമാൻ സ്റ്റേഡിയത്തിന്റെ ആദ്യ രൂപരേഖ അധികൃതർ പുറത്തുവിട്ടു. റിയാദ് സിറ്റിക്കുവേണ്ടിയുള്ള റോയൽ കമ്മിഷനും കായികമന്ത്രാലയവും ചേർന്നാണ് ഈ രൂപരേഖ പുറത്തിറക്കിയത്.

റിയാദിന്റെ വടക്കൻ ഭാഗത്ത് കിങ് സൽമാൻ റോഡിൽ കിങ് അബ്ദുൽ അസീസ് പാർക്കിനോടു ചേർന്നാണ് 6,60,000 ചതുരശ്രമീറ്റർ സ്ഥലത്ത് സ്റ്റേഡിയം നിർമിക്കുക. 96,500-ലേറെ ചതുരശ്രമീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് ഹരിതഭിത്തികളും മേൽക്കൂരയുമുണ്ടാകും.

സ്റ്റേഡിയത്തിൽ 92,000 സീറ്റാണുണ്ടാവുക. കൂടാതെ 150 സീറ്റടങ്ങിയ റോയൽ കാബിനും, 120 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകളും കൂടാതെ 300 വി.ഐ.പി. സീറ്റുകളും വിശിഷ്ട വ്യക്തികൾക്കുള്ള 2200 സീറ്റുകളുമുണ്ടാകും. ഇതിൽ വിവിധ കായികയിനങ്ങൾ പരിശീലിക്കാനുള്ള സൗകര്യങ്ങളും വാണിജ്യ കേന്ദ്രങ്ങളും വിനോദസ്ഥലങ്ങളുമുണ്ടാകും. കാണികൾക്കുള്ള ഇരിപ്പിടങ്ങളിലും ഗ്രൗണ്ടിലും ശീതീകരണസംവിധാനമൊരുക്കും.

നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ മുകൾഭാഗത്ത് സ്‌ക്രീനുകളും സ്റ്റേഡിയത്തിനകത്ത് പൂന്തോട്ടങ്ങളുമുണ്ടാകും. വോളിബോൾ, ബാസ്കറ്റ്‌ബോൾ, പാഡൽ തുടങ്ങിയ കോർട്ടുകൾക്കുപുറമേ വിവിധ കായികവിനോദങ്ങൾ പരിശീലിക്കാനുള്ള രണ്ട് മൈതാനങ്ങൾ, അത്‌ലറ്റിക്സ് ട്രാക്ക്,ഇൻഡോർ ജിം, ഒളിമ്പിക് നീന്തൽക്കുളം എന്നീ സംവിധാനങ്ങളും സ്റ്റേഡിയത്തിന് സമീപമൊരുക്കും.

നിലവിൽ വരുന്നതോടെ ലോകത്തിലെത്തന്നെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായിരിക്കുമിത്. സൗദി ദേശീയ ടീമുകളുടെ പ്രധാന വേദിയായി ഇത് പ്രവർത്തിക്കും. കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപമായാണ് വരാനിരിക്കുന്ന കിങ് സൽമാൻ സ്റ്റേഡിയം.
നഗരത്തിന്റെ ഏതുഭാഗത്തുനിന്നുള്ളവർക്കും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാം എന്നതും സ്റ്റേഡിയത്തെ ആകാംഷയുള്ളതാക്കി മാറ്റുന്നുണ്ട്.

Top