CMDRF

ആരവം ഒഴിയാതെ രാജ്യം; അറബ് കപ്പും ഖത്തറില്‍

ആരവം ഒഴിയാതെ രാജ്യം; അറബ് കപ്പും ഖത്തറില്‍
ആരവം ഒഴിയാതെ രാജ്യം; അറബ് കപ്പും ഖത്തറില്‍

ദോഹ: ഫുട്‌ബോളിന്റെ ആവേശവും ആരവവും ഒഴിയാത്ത നാടായി ഖത്തര്‍. ലോകകപ്പ് ഫുട്ബാളും ഏഷ്യന്‍ കപ്പും കഴിഞ്ഞു അണ്ടര്‍ 17 ലോകകപ്പും പ്രഖ്യാപിച്ചതിനു പിന്നാലെ, അറബ് മേഖലയുടെ കളിയുത്സവമായ ഫിഫ അറബ് കപ്പും ഖത്തറില്‍ തന്നെ നടത്താന്‍ തീരുമാനമായി. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ ചേര്‍ന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് അടുത്ത മൂന്നു സീസണുകളിലെ ചാമ്പ്യന്‍ഷിപ്പ് വേദിയായി ഖത്തറിനെ തെരഞ്ഞെടുത്തത്. 2025, 2029, 2033 എന്നീ വര്‍ഷങ്ങളിലാണ് യഥാക്രമം അടുത്ത മൂന്ന് സീസണുകള്‍ നടക്കുന്നത്.

1963ല്‍ ആരംഭിച്ച അറബ് കപ്പ് വിവിധ കാലങ്ങളിലായി മുടങ്ങിയും പുനരാരംഭിച്ചും മുന്നോട്ട് പോകുന്നതിനിടെയാണ് 2021ല്‍ ഖത്തര്‍ ആതിഥേയത്വം ഏറ്റെടുക്കുന്നത്. 2002ല്‍ കുവൈത്തിലും 2012ല്‍ സൗദിയിലും നടന്ന ശേഷം അറബ് കപ്പ് അനിശ്ചിതമായി മുടങ്ങിയിരുന്നു. തുടര്‍ന്ന് ഫിഫയുമായി സഹകരിച്ച് ഖത്തര്‍ ഏറ്റെടുത്തതോടെ അറബ് മേഖലയുടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും മേഖലയുടെ കളിയുത്സവമായി മാറി. ലോകകപ്പിനായി തയാറാക്കിയ വേദികളില്‍ നടന്ന മത്സരത്തില്‍ രണ്ട് വന്‍കരകളില്‍ നിന്നുള്ള 16 ടീമുകളാണ് മാറ്റുരച്ചത്. ഫൈനലില്‍ തുനീഷ്യയെ തോല്‍പിച്ച് അല്‍ജീരിയ കിരീടം ചൂടി. ആതിഥേയരായ ഖത്തര്‍ മൂന്നാം സ്ഥാനത്തായിരുന്നു. രണ്ട് ഫിഫ ടൂര്‍ണമെന്റുകള്‍ക്കാണ് വരും വര്‍ഷം മുതല്‍ ഖത്തര്‍ വേദിയാകുന്നത്. അണ്ടര്‍ 17 ലോകകപ്പിന് 2025 മുതല്‍ 2029 വരെ തുടര്‍ച്ചയായി അഞ്ചു വര്‍ഷങ്ങളില്‍ ഖത്തറിനെ വേദിയായി തെരഞ്ഞെടുത്തിരുന്നു. ഇതാദ്യമായാണ് അണ്ടര്‍ 17 ലോകകപ്പിന് സ്ഥിരം വേദി നിശ്ചയിക്കുന്നത്. 48 ടീമുകള്‍ മാറ്റുരക്കും. നാലുവര്‍ഷത്തിലൊരിക്കല്‍ എന്ന നിലയില്‍ നടത്താന്‍ തീരുമാനിച്ച ഫിഫ അറബ് കപ്പ് കൂടിയായതോടെ ഖത്തറിലെ ലോകകപ്പ് വേദികള്‍ വീണ്ടും സജീവമാവുകയാണ്.

2022 ലെ ഫിഫ ലോകകപ്പിന്റെ തയാറെടുപ്പെന്ന നിലയില്‍ 2021ല്‍ ഖത്തര്‍ വേദിയായ ഫിഫ അറബ് കപ്പ് വന്‍ വിജയമായി നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റ് തുടരണമെന്ന ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ അപേക്ഷ അംഗീകരിക്കുകയും, വരുന്ന മൂന്ന് സീസണിലെയും വേദിയായി ഖത്തറിനെ തിരഞ്ഞെടുക്കുകയുമാണെന്ന് ഫിഫ കൗണ്‍സില്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട വര്‍ഷങ്ങളില്‍ ഡിസംബറിലായിരിക്കും ടൂര്‍ണമെന്റ് നടക്കുന്നത്. 2021ല്‍ നവംബര്‍ ,ഡിസംബര്‍ മാസങ്ങളിലായിരുന്നു അറബ് രാജ്യങ്ങളുടെ മേളയായ ഫുട്ബാള്‍ ടൂര്‍ണമെന്റ് നടന്നത്.

Top