കോഴിക്കോട്: വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ. യുഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയും സൈബര്‍ ആക്രമണം നടത്തുന്നു എന്നാണ് പരാതി.
സ്ഥാനാര്‍ഥിയുടെ അറിവോടെ സൈബര്‍ ആക്രമണം നടക്കുകയാണ്. ഫോട്ടോ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും സൈബറിടം ദുരുപയോഗം ചെയ്യുന്നു. തേജോവധം നടത്താന്‍ പ്രചണ്ട പ്രചാരണമാണ് യു.ഡി എഫ് നടത്തുന്നത്. പൊലിസില്‍ പരാതി നല്‍കിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല. ജനങ്ങളുടെ അംഗീകാരത്തില്‍ വിറളി പൂണ്ട യുഡിഎഫ് സ്ഥാനാര്‍ഥി പരാതിക്കാരിയെ വളഞ്ഞ വഴിയില്‍ ആക്രമിക്കുകയാണ് എന്നും ശൈലജ പ്രതികരിച്ചു.
സ്ഥാനാര്‍ഥി എന്ന നിലയില്‍ യുഡിഎഫും സ്ഥാനാര്‍ഥിയും മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന് ഇന്നലെ കെകെ ശൈലജ ആരോപിച്ചിരുന്നു. തന്നെ തേജോവധം ചെയ്യുന്നത് സ്ഥിരമാക്കുന്നു. ധാര്‍മികതയില്ലാതെ പെരുമാറുന്നു. ഇത്ര വ്യക്തിഹത്യ നേരിടുന്നത് ജീവിതത്തില്‍ ആദ്യമായാണെന്നും കെകെ ശൈലജ പറഞ്ഞു. സൈബര്‍ ആക്രമണം നടത്തുന്ന അക്കൗണ്ടുകളെ കുറിച്ച് കൃത്യമായ വിവരം നല്‍കിയാണ് പരാതി നല്‍കിയിരിക്കുന്നത്.