CMDRF

സൂര്യയെ തിരികെ തേടാനുറച്ച് കെകെആർ

സൂര്യയെ തിരികെ തേടാനുറച്ച് കെകെആർ
സൂര്യയെ തിരികെ തേടാനുറച്ച് കെകെആർ

ന്ത്യൻ പ്രീമിയർ ലീഗിന്റെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടുത്ത സീസണിൽ നായകമാറ്റത്തിന് ഒരുങ്ങുന്നുവെന്നാണ് വാർത്തകൾ വരുന്നത്. മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിന് കൊൽക്കത്ത ക്യാപ്റ്റൻ പദവി വാഗ്ദാനം ചെയ്തുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മറ്റൊരു ടീമിലേക്ക് പോകുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

അതേസമയം കൊൽക്കത്തയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യരെ ഒഴിവാക്കുന്നതിൽ ആരാധക പ്രതിഷേധവും ഉയരുന്നുണ്ട്. 2024 ഐപിഎല്ലിലെ കലാശപ്പോരിൽ പാറ്റ് കമ്മിൻസ് നയിച്ച സൺറൈസേഴ്‌സ് ഹൈദരാബാദിനെ വീഴ്ത്തിയാണ് ശ്രേയസ് അയ്യരും സംഘവും കപ്പുയർത്തിയത്. കൊൽക്കത്തയുടെ ചരിത്രത്തിലെ മൂന്നാമത് ഐപിഎൽ കിരീടമായിരുന്നു ഇത്.

Shreyas Iyer

ഐപിഎൽ 2025 സീസണിന് മുന്നേ വമ്പൻ ട്വിസ്റ്റുകൾക്ക് കളമൊരുങ്ങുമെന്ന് ഉറപ്പാണ്. പല വമ്പൻ താരങ്ങളും കൂടുമാറിയേക്കാമെന്നാണ് റിപ്പോർട്ടുകൾ. ആരാധകരുടെ കിളിപറത്തിയ അഭ്യൂഹങ്ങൾ ഇതിനോടകം തന്നെ പ്രചരിക്കുന്നുമുണ്ട്. മുംബൈ ഇന്ത്യൻസിന്റെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ പഞ്ചാബ് കിങ്‌സിലേക്ക് ചേക്കേറിയേക്കുമെന്നും മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് കൂടുമാറുമെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ട്. ഇതിനിടെയാണ് സൂര്യകുമാർ യാദവിൻറെയും കൂടുമാറ്റം സജീവമാകുന്നത്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ കഴിഞ്ഞ സീണിന് മുമ്പായാണ് മുംബൈ ഇന്ത്യൻസിൽ നായകമാറ്റമുണ്ടായത്. 10 വർഷമായി മുംബൈ നായകനായിരുന്ന രോഹിത് ശർമ്മയ്ക്ക് പകരമായി ഹാർദ്ദിക്ക് പാണ്ഡ്യ ക്യാപ്റ്റനായി. എന്നാൽ നായകമാറ്റം ടീമിനുള്ളിലെ അന്തരീക്ഷത്തെയും ടീമിന്റെ പ്രകടനത്തെയും ബാധിച്ചിരുന്നു. സീസണിൽ അവസാന സ്ഥാനക്കാരായാണ് മുംബൈ ഫിനിഷ് ചെയ്തത്.

Also Read:ധവാന് പകരം ഹിറ്റ്മാനെ തേടി പഞ്ചാബ്

ഐപിഎൽ 2025ന് മുമ്പായി മുംബൈ ഇന്ത്യൻസിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. ടീമിന്റെ ​ഗ്ലോബൽ ഡയറക്ടർ സ്ഥാനത്തുള്ള സഹീർ ഖാൻ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്റർ‌ സ്ഥാനത്തേയ്ക്ക് മാറുമെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ ടീമിനുള്ളിലെ മോശം അന്തരീക്ഷം രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ മുംബൈ വിടാൻ കാരണമാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Top