‘ബിജെപി ഇന്ത്യയിലാകെ എന്താണ് നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുമുണ്ട്’; കെ എന്‍ ബാലഗോപാല്‍

‘ബിജെപി ഇന്ത്യയിലാകെ എന്താണ് നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുമുണ്ട്’; കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: കേരളത്തെ കുറിച്ച് തെറ്റിദ്ധാരണാപരമായ പരസ്യമാണ് ബിജെപി പത്രമാധ്യമങ്ങള്‍ വഴി നടത്തിയതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രിയുടെ ചിത്രവും വെച്ചാണ് കള്ള പ്രചാരണം നടത്തുന്നത്. വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് കഴിഞ്ഞവര്‍ഷം 24 അവാര്‍ഡുകള്‍ നേടിയ സംസ്ഥാനത്തേയാണ് പൊതുതിരഞ്ഞെടുപ്പിന്റെ സമയത്ത് അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപി ശ്രമിക്കുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു.

‘ഏറ്റവും മികച്ച ജീവിത നിലവാരവും മാനവ വികസനവുമുള്ള നാടാണ് കേരളം. വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്‍പിലാണ്. കേന്ദ്ര സര്‍ക്കാര്‍ വിവിധ മേഖലകളിലെ മികവിന് കേരളത്തിന് കഴിഞ്ഞവര്‍ഷം മാത്രം നല്‍കിയത് 24 അവാര്‍ഡുകളാണ്. നീതി ആയോഗും കേന്ദ്ര സര്‍ക്കാരിന് താഴെയുള്ള വിവിധ വകുപ്പുകളും ഏജന്‍സികളും പുറത്തിറക്കുന്ന വിവിധ പട്ടികകളില്‍ കേരളത്തിന്റെ സ്ഥാനം ഏറ്റവും മുന്നിലാണ്. ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് തന്നെ അംഗീകരിച്ചതാണ് കേരളത്തിന്റെ പ്രവര്‍ത്തനങ്ങളും മികച്ച പ്രകടനവും. മാനവ ശേഷി വികസന സൂചികയില്‍ ലോകത്തെ വികസിത രാജ്യങ്ങളോടൊപ്പമാണ് കേരളത്തിന്റെ സ്ഥാനം.’ ഇന്ത്യ മഹാരാജ്യത്തെ മറ്റൊരു സംസ്ഥാനവും ഈ സൂചികയില്‍ കേരളത്തിനടുത്തെങ്ങുമില്ലെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

ദേശീയ പാതയില്‍ കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ നടക്കുന്ന വികസന കാര്യങ്ങളും അത് മൂലം ഓരോരുത്തര്‍ക്കും ഉണ്ടാകുന്ന നേട്ടങ്ങളുമൊക്കെ മനസ്സിലാക്കുന്ന ഒരു സമൂഹം ബിജെപിയുടെ ഈ കള്ളപ്പരസ്യം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എന്ന ബിജെപിയുടെ പരസ്യം കണ്ട കേരളത്തിലെ ജനങ്ങള്‍ കൃത്യമായി ചിന്തിച്ചിട്ടുണ്ട്. ബിജെപി ഇന്ത്യയിലാകെ എന്താണ് നടത്തുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുമുണ്ട്. അവര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് അനുകൂലമായി ചിന്തിക്കും. ഇത്തരമൊരു വ്യാജ പ്രചരണത്തില്‍ ആരും വീണുപോകില്ല എന്നത് അത് നല്‍കിയവര്‍ തെരഞ്ഞെടുപ്പിലൂടെ മനസ്സിലാക്കും എന്നതും ഉറപ്പാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

Top