കോഴിക്കോട്: പിഎസ്സി കോഴ വിവാദത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”പാര്‍ട്ടി നേതൃത്വം ഇതേപ്പറ്റി ഒന്നും ചോദിച്ചിട്ടില്ല. അന്വേഷണ കമ്മിഷന്‍ ഉണ്ടായിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ എന്താണു സംഭവമെന്നു പാര്‍ട്ടി ചോദിച്ചു. അതു പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. സത്യമേ പറയൂ. അറിയാത്ത കാര്യത്തെക്കുറിച്ച് ഒന്നും പറയാന്‍ ഇല്ല’ – പ്രമോദ് പറഞ്ഞു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പ്രമോദ് ഇക്കാര്യം നിഷേധിച്ചിരുന്നു. കോഴ വാങ്ങിയെന്ന ഒരു പരാതിയും തനിക്കെതിരെ നിലവിലില്ലെന്നു പ്രമോദ് ഇന്നലെ പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ ഒരു വിശദീകരണവും ചോദിച്ചിട്ടില്ല. എനിക്കെതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നു പ്രമോദ് വ്യക്തമാക്കിയിരുന്നു.
ആരോപണത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും പറഞ്ഞു. എല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന കോലാഹലം മാത്രമാണെന്നും മന്ത്രി മുഹമ്മദ് റിയാസിനെയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും കരിവാരിത്തേക്കാനാണു മാധ്യമങ്ങളുടെയും രാഷ്ട്രീയ എതിരാളികളുടെയും നീക്കം. അതിനെയെല്ലാം ശക്തമായി പ്രതിരോധിക്കുമെന്നും മോഹനന്‍ പറഞ്ഞു. ഹോമിയോ ഡോക്ടര്‍ക്ക് പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പരാതി ഉയര്‍ന്നതോടെ പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു സംഭവം വിവാദമാകുന്നതിന് മുമ്പേ പണം തിരികെ നല്‍കി ഒതുക്കിയെന്നാണ് പുറത്തുവരുന്ന വിവരം.