വാഴ്‌സോ: യുവേഫ സൂപ്പര്‍ കപ്പ് ചാംപ്യന്മാരെ ഇന്നറിയാം. റയല്‍ മാഡ്രിഡ് കിരീടപ്പോരാട്ടത്തില്‍ അറ്റലാന്റയെ നേരിടും. പോളണ്ടിലെ വാഴ്‌സോ നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ പുതിയ സീസണ് ആവേശത്തുടക്കം നല്‍കാന്‍ നല്‍കാന്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡും യൂറോപ്പ ലീഗ് ചാംപ്യന്‍മാരായ അറ്റലാന്റയും നേര്‍ക്കുനേര്‍. റയല്‍ മാഡ്രിഡ് ജഴ്‌സിയില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പേയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് എംബാപ്പേ പിഎസ്ജി വിട്ട് റയലില്‍ എത്തിയത്. എംബാപ്പേ ആദ്യ സൂപ്പര്‍ കപ്പിന് തയ്യാറാവുമ്പോൾ ഡാനി കാര്‍വഹാലിന്റെയും ലൂക്കാ മോഡ്രിച്ചിന്റെയും ആറാം സൂപ്പര്‍ കപ്പ് യുവേഫ സൂപ്പര്‍ കപ്പ് അഞ്ചു തവണ നേടിയ എ സി മിലാന്‍, ബാഴ്‌സലോണ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് റയല്‍ മാഡ്രിഡ്. അറ്റലാന്റയ്‌ക്കെതിരെ ജയിച്ച് റെക്കോര്‍ഡ് ഒറ്റയ്ക്ക് സ്വന്തമാക്കുകയാണ് കാര്‍ലോ ആഞ്ചലോട്ടിയുടെയും സംഘത്തിന്റേയും ലക്ഷ്യം.
എംബാപ്പേയ്‌ക്കൊപ്പം കോര്‍ത്വ, ഡാനി കാര്‍വഹാല്‍, അലാബ, ജൂഡ് ബെല്ലിംഗ്ഹാം, കമവിംഗ, മോഡ്രിച്, ചുവാമെനി, ഗുലെര്‍, വിനിഷ്യസ്, റോഡ്രിഗോ തുടങ്ങിയവര്‍ അണിനിരക്കുന്ന റയലിനെ പിടിച്ചുകെട്ടുക ഇറ്റാലിയന്‍ ക്ലബ് അറ്റലാന്റയ്ക്ക് ഒട്ടും എളുപ്പമാവില്ല. ഇരുടീമും നേര്‍ക്കുനേര്‍ വരുന്ന മൂന്നാമത്തെ മത്സരം. ആദ്യ രണ്ട് കളിയിലും ജയം റയലിനൊപ്പം.