അമേരിക്കന്‍ ദീര്‍ഘദൂര മിസൈലുകള്‍ക്ക് പിന്നാലെ ആവനാഴിയിലെ അവസാന അസ്ത്രമായ ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോം ഷാഡോ മിസൈലുകളും ഇപ്പോള്‍ റഷ്യയിലേക്ക് വിക്ഷേപിച്ചിരിക്കുകയാണ് യുക്രെയിന്‍. റഷ്യക്കെതിരെ മിസൈലുകളോ വിമാനങ്ങളോ ഡ്രോണുകളോ ഉപയോഗിച്ചുള്ള പ്രകോപനം ഉണ്ടായാല്‍ പകരമായി ഇനി രണ്ടാമതൊന്ന് ആലോചിക്കാതെ ആണവായുധമെന്ന അറ്റകൈ പ്രയോഗം നടത്തുമെന്ന് പുടിന്‍ വ്യക്തമാക്കിയതിന് തൊട്ട് പിന്നാലെയാണ് യുക്രെയിന്റെ ഈ കൈവിട്ട കളി. നാറ്റോ രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ യുക്രെയിന്‍ നീക്കത്തിന്റെ പ്രധാന തുറുപ്പ് ചീട്ടായി മാറിയ ‘സ്റ്റോം ഷാഡോയും’ ‘ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റത്തെയും’ കുറിച്ച് കൂടുതല്‍ അറിയാം.
കരയില്‍ നിന്ന് 300 കിലോമീറ്റര്‍ വരെ ലക്ഷ്യസ്ഥാനത്ത് തൊടാന്‍ കഴിയുന്ന ഉപരിതല ബാലിസ്റ്റിക് മിസൈലാണ് ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റം. മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റത്തില്‍ (എംഎല്‍ആര്‍എസ്) നിന്നാണ് ഈ അമേരിക്കന്‍ നിര്‍മ്മിത ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിക്കുന്നത്. തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍, സൈനിക താവളങ്ങള്‍, വ്യോമതാവളങ്ങള്‍ എന്നിവയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രതിരോധ നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിനാണ് എടിഎസിഎംഎസ് നിര്‍മ്മിച്ചത്. ATACMS മിസൈലിന് സൂപ്പര്‍സോണിക് വേഗതയില്‍ 214 കിലോഗ്രാം വാര്‍ഹെഡ് വഹിക്കാനാകും. M270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റത്തില്‍ നിന്നും M142 ഹൈ മൊബിലിറ്റി ആര്‍ട്ടിലറി റോക്കറ്റ് സിസ്റ്റത്തില്‍ നിന്നുമാണ് വിക്ഷേപിക്കാനാകുക. ഓരോ ATACMS മിസൈലിനും ഏകദേശം 1.5 ദശലക്ഷം ഡോളര്‍ ചെലവാണുള്ളത്. ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റത്തിന് (ATACMS), യുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വൈവിധ്യമാര്‍ന്ന കഴിവുകളുണ്ട്. കൂടാതെ ഇത് രണ്ട് വ്യത്യസ്ത തരം വാര്‍ഹെഡുകളുമായി സജ്ജീകരിക്കാനും കഴിയും.
ക്ലസ്റ്റര്‍ വാര്‍ഹെഡ്-ഘടന
നൂറുകണക്കിന് ചെറു ബോംബെറ്റുകളാല്‍ (Submunitions) നിറഞ്ഞതാണിത്. ഈ മിസൈല്‍ വിദൂര പ്രദേശങ്ങളിലെ ലഘു കവചിത യൂണിറ്റുകള്‍, സൈനിക കേന്ദ്രം, വിമാനങ്ങള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയെ ലക്ഷ്യം വെക്കുന്നു.
ഒറ്റ വാര്‍ഹെഡ് / സവിശേഷത
225 കിലോഗ്രാം ഭാരമുള്ള ഇവയ്ക്ക് വലിയ സ്ഫോടനങ്ങള്‍ നടത്താനുള്ള ശേഷിയുണ്ട്. സൈനിക കേന്ദ്രങ്ങള്‍, വലിയ കെട്ടിടങ്ങള്‍, തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ എന്നിവയെ തകര്‍ക്കാന്‍ ഇത് ഉപയോഗിക്കാം. 1991ലെ ഗള്‍ഫ് യുദ്ധത്തിലാണ് ഇവ ആദ്യമായി ഉപയോഗിച്ചത്.
പ്രെസിഷന്‍ സ്‌ട്രൈക്ക് മിസൈല്‍ (PrSM)
500 കിലോമീറ്റര്‍ പരിധിയില്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന വേഗതയേറിയ എന്നാല്‍ അല്പം കനം കുറഞ്ഞ ആയുധമാണ് ഇത്. പുതിയ തലമുറ ATACMS-ന് പകരം വയ്ക്കാനായി അമേരിക്കന്‍ സൈന്യം വികസിപ്പിച്ചിട്ടുള്ളതാണ് ഇത്. ദൂരപരിധി, കൃത്യത, ശ്രദ്ധാപൂര്‍വ്വം നിര്‍ദ്ദിഷ്ടമായ ലക്ഷ്യങ്ങളിലേയ്ക്ക് വിക്ഷേപിക്കാം തുടങ്ങിയ ATACMS-ന്റെ ഗുണങ്ങള്‍ പിആര്‍എസ്എം മിസൈലിനും ഉണ്ട്. റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിലാണ് യുക്രെയിന്‍ ആദ്യമായി ഈ മിസൈലുകള്‍ ഉപയോഗിച്ചതെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.
ഇനി ബ്രിട്ടീഷ് ദീര്‍ഘദൂര മിസൈലായ സ്റ്റോം ഷാഡോയെ കുറിച്ച് പരിശോധിക്കാം
1994-ലാണ് സ്റ്റോം ഷാഡോ മിസൈലിന്റെ പിറവി. റഡാറുകളുടെ കണ്ണില്‍പ്പെടാതെ അനായാസം ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാന്‍ കഴിയുന്ന ദീര്‍ഘദൂര ക്രൂസ് മിസൈലായ സ്റ്റോം ഷാഡോ ബ്രിട്ടനും ഫ്രാന്‍സും സംയുക്തമായാണ് വികസിപ്പിച്ചിരിക്കുന്നത്. ആകാശത്ത് നിന്ന് വിക്ഷേപിക്കുന്ന ഈ മിസൈലിന്റെ ദൂരപരിധി 500 കിലോമീറ്ററോളമാണ്. 1300 കിലോഗ്രാമാണ് ഒരു സ്റ്റോം ഷാഡോ മിസൈലിന്റെ ഭാരം. 450 കിലോഗ്രാം പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പരമാവധി വ്യാസം 48 സെന്റിമീറ്ററാണ്.
ആദ്യം മുതല്‍ക്കെ യുക്രെയിന്‍ സേനയുടെ ഭാഗമാണ് സ്റ്റോം ഷാഡോ മിസൈലുകള്‍. റഷ്യന്‍ നിര്‍മ്മിത സുഖോയ് എസ് യു-24 ബോംബറുകള്‍ ഉള്‍പ്പെടെ യുക്രെയിന്റെ കൈവശമുള്ള യുദ്ധവിമാനങ്ങളില്‍ ഇത് ഘടിപ്പിച്ചിട്ടുണ്ട്. യുക്രെയിന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോഴുള്ള ചരിത്രകാലത്തെ അടയാളമാണ് യുക്രെയിന്റെ പക്കലുള്ള സുഖോയ് എസ് യു-24 യുദ്ധവിമാനങ്ങള്‍. ഫ്രഞ്ച് കമ്പനിയായ മാത്രയും ബ്രിട്ടീഷ് എയ്റോസ്പേസും ചേര്‍ന്നാണ് ആദ്യം മിസൈല്‍ നിര്‍മ്മിച്ചിരുന്നത്. ഇപ്പോള്‍ യൂറോപ്യന്‍ ബഹുരാഷ്ട്ര കമ്പനിയായ എം.ബി.ഡി.എ. സിസ്റ്റംസാണ് സ്റ്റോം ഷാഡോ നിര്‍മ്മിക്കുന്നത്.
മിസൈലിന് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ് സ്റ്റോം ഷാഡോ. ഫ്രാന്‍സില്‍ ഇത് സ്‌കാള്‍പ്പ്-ഇ.ജി എന്നാണ് അറിയപ്പെടുന്നത്. 2003-ലെ ഇറാഖ് അധിനിവേശത്തിലാണ് സ്റ്റോം ഷാഡോ മിസൈല്‍ ആദ്യമായി ഉപയോഗിച്ചത്. 2011-ലെ ലിബിയന്‍ സൈനിക അധിനിവേശം, 2015-ലും 2016-ലുമായി ഐ.എസ്സിനെതിരെ ഫ്രാന്‍സ് സിറിയയില്‍ നടത്തിയ ഓപ്പറേഷന്‍ ചമ്മല്‍, 2018-ല്‍ സിറിയയിലെ രാസായുധ ഫാക്ടറി ലക്ഷ്യമാക്കി ബ്രിട്ടന്‍ നടത്തിയ ആക്രമണം എന്നിവയാണ് സ്റ്റോം ഷാഡോ മിസൈല്‍ ഉപയോഗിച്ച് നടത്തിയ പ്രധാന ആക്രമണങ്ങള്‍.
അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരില്‍ നിന്ന് അനുമതി ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് യുക്രെയിന്‍ റഷ്യയിലേയ്ക്ക് ഈ മിസൈലുകള്‍ തൊടുത്തുവിട്ടത്. റഷ്യയെ ആക്രമിക്കാന്‍ ഒരുങ്ങുന്നവര്‍ക്കെതിരെ പുടിന്‍ കടുത്ത മുന്നറിയിപ്പ് നേരത്തെ നല്‍കിയിരുന്നു. റഷ്യയെ ആക്രമിക്കാന്‍ പാശ്ചാത്യ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നതിനെതിരെയാണ് പുടിന്‍ രംഗത്ത് വന്നിരിക്കുന്നത്. യുദ്ധത്തിലേക്കുള്ള നാറ്റോ രാജ്യങ്ങളുടെ പങ്കാളിത്തമായി ഈ നീക്കത്തെ കാണുമെന്നും പുടിന്‍ പറഞ്ഞു.
യുദ്ധത്തിന്റെ സ്വഭാവത്തെ ഈ നീക്കം ഗണ്യമായി ബാധിക്കും. ഇത്തരമൊരു നീക്കം നാറ്റോ രാജ്യങ്ങളില്‍ നിന്നുമുണ്ടായാല്‍ അതിനര്‍ത്ഥം യുദ്ധം നടക്കുന്‍ പോകുന്നത് നാറ്റോ രാജ്യങ്ങളും അമേരിക്കയും ചേര്‍ന്ന് റഷ്യക്കെതിരെയാണ്. യുക്രെയിനിന് ആധുനിക യുദ്ധ ടാങ്കുകളും യുദ്ധവിമാനങ്ങളും നല്‍കുന്നത് ഉള്‍പ്പെടെയുണ്ടായിട്ടും ഇതൊന്നും തന്നെ റഷ്യയും നാറ്റോയും തമ്മിലുള്ള നേരിട്ടുള്ളൊരു യുദ്ധത്തിലേക്ക് വഴിതുറന്നിരുന്നില്ല എന്ന കാര്യവും ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതാണ്.
അതേസമയം, ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ യുക്രെയിന് പരിധി ഏര്‍പ്പെടുത്തികൊണ്ട് യുക്രെയിനിന്റെ സ്വയരക്ഷയില്‍ അമേരിക്ക ആവശ്യമില്ലാതെ കൈകടത്തുകയാണെന്നാണ് നാറ്റോയിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ കുര്‍ട്ട് വോള്‍ക്കര്‍ പറഞ്ഞത്. ATACMS മിസൈല്‍ ഉപയോഗിക്കാനുള്ള തീരുമാനം റഷ്യയെ പ്രകോപിപ്പിക്കും എന്ന ഭയം കൊണ്ടാണ് ഇത്തരത്തില്‍ യുക്രെയിനെതിരെ അമേരിക്ക നിയന്ത്രണമെര്‍പ്പെടുത്തിയതെന്നും എന്നും അദ്ദേഹം പറയുന്നു. 2023 ല്‍ യുക്രെയിനിന് ATACMS മിസൈലുകള്‍ നല്‍കിയിരുന്നുവെങ്കിലും അവയുടെ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു പ്രത്യേകിച്ചും റഷ്യയിലെ ആഴത്തിലുള്ള ലക്ഷ്യങ്ങള്‍ക്കെതിരെ.
ബൈഡന്റെ സമീപകാല അംഗീകാരം ഈ പരിമിതികള്‍ മറികടക്കുന്നതാണ്. ഇത് റഷ്യന്‍ സൈനിക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടാനും കൂടുതല്‍ സ്വതന്ത്രമായി ആയുധങ്ങളെ പ്രയോഗിക്കാനും യുക്രെ യിനെ അനുവദിക്കുകയും ചെയ്യും. ട്രംപ് അധികാരത്തിലേറാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ ഈ തീരുമാനം. ട്രംപ് അധികാരത്തിലേറിയാല്‍ ഇത്തരമാെരു കാര്യം നടപ്പിലാകില്ലെന്ന് ബൈഡന് നല്ലപോലെ അറിയാം.
യുദ്ധം അവസാനിപ്പിക്കാനുള്ള ആഗ്രഹം ഇതിനോടകം തന്നെ പലതവണ ട്രംപ് വെളിപ്പെടുത്തിയിട്ടുള്ളതാണ്. അധികാരമേറ്റാല്‍ മിസൈലുകളുടെ ഉപയോഗം പൂര്‍ണമായും യുദ്ധത്തില്‍ നിന്നും ഒഴിവാക്കുമെന്ന് തന്നെയാണ് ട്രംപിന്റെ തീരുമാനമെങ്കിലും നിലവിലെ നയം തന്നെ അധികാരത്തിലേറിയാല്‍ ട്രംപ് നടപ്പിലാക്കുമോ എന്നത് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പക്ഷെ പല അടുത്ത സഖ്യകക്ഷികളില്‍ നിന്നും ഇതിനകം തന്നെ ഈ തീരുമാനത്തോടുള്ള എതിര്‍പ്പ് പ്രകടമാണ്.
എന്റെ പിതാവിന് സമാധാനം സൃഷ്ടിക്കാനും പല ജീവന്‍ രക്ഷിക്കാനുമുള്ള അവസരം ലഭിക്കുന്നതിന് മുമ്പ് തന്നെ സൈനിക വ്യാവസായിക മേഖലയിലെ പലര്‍ക്കും മൂന്നാം ലോക മഹായുദ്ധം നടത്താനാണ് ആഗ്രഹമെന്നാണ് ട്രംപിന്റെ മകന്‍ ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെഡി വാന്‍സിനെപ്പോലുള്ള ട്രംപിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും യുക്രെയിനിന് കൂടുതല്‍ സൈനിക സഹായം നല്‍കേണ്ടതില്ലെന്ന് വാദിക്കുന്നവരാണ്.
എന്നാല്‍, ട്രംപ് ഭരണകൂടത്തിലെ മറ്റ് പലരും വ്യത്യസ്ത കാഴ്ച്ചപാടുള്ളവരാണ്. യുക്രെയിനിലേക്കുള്ള ആയുധ വിതരണം വേഗത്തിലാക്കിയാല്‍ അത് റഷ്യയെ ഒരു ചര്‍ച്ചക്ക് പ്രേരിപ്പിക്കാനുള്ള സാധ്യത ഏറെയാണെന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ വാള്‍ട്ട്‌സിന്റെ വാദം. പക്ഷെ അധികാരത്തിലേറിയാല്‍ ട്രംപ് എന്ത് തീരുമാനമാണെടുക്കുകയെന്നത് ഇതുവരെ വ്യക്തമല്ലെങ്കിലും ATACMS ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇനി അമേരിക്കയില്‍ നിന്നും കിട്ടുമോ എന്ന ഭയം യുക്രെയിന് നല്ല പോലെയുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി എറെ അടുപ്പം പുലര്‍ത്തുന്ന ട്രംപ് യുക്രെയിന് അമേരിക്ക ആയുധം നല്‍കുന്നത് സ്വന്തം ആയുധ കലവറ ശൂന്യമാക്കുന്ന നടപടിയാണെന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് തുറന്നടിച്ചിരുന്നത്. ഈ നിലപാട് അദ്ദേഹം നടപ്പാക്കുമെന്ന് ഭയന്നാണ് ജോ ബൈഡന്‍ ദീര്‍ഘദൂര മിസൈല്‍ പ്രയോഗിക്കാന്‍ യുക്രെയിന് അനുമതി നല്‍കിയിരിക്കുന്നത് എന്നത് റഷ്യയും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടന്റെ ദീര്‍ഘദൂര മിസൈലും റഷ്യയില്‍ പതിച്ചെങ്കിലും അത് ഫലപ്രദമായി തടയാന്‍ റഷ്യക്ക് സാധിച്ചത് അവരുടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ മികവ് മൂലമാണ്. ഈ നടപടിക്ക് എതിരെ റഷ്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുക്രെയിനിലെ അമേരിക്കന്‍ എംബസി ഉള്‍പ്പെടെ അടച്ച് പുട്ടിയ അവസ്ഥയിലാണ് ഉള്ളത്. ബൈഡനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യം അമേരിക്കയിലും ശക്തമായി കഴിഞ്ഞു. റിപ്പബ്ലിക്കന്‍ അംഗങ്ങളാണ് ഇക്കാര്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ദീര്‍ഘദൂര മിസൈല്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുക വഴി അമേരിക്കന്‍ ജനതയുടെ ജീവനാണ് യഥാര്‍ത്ഥത്തില്‍ ബൈഡന്‍ അപകടത്തിലാക്കിയതെന്നാണ് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ തുറന്നടിച്ചിരിക്കുന്നത്.
അതേസമയം, തങ്ങളുടെ ദീര്‍ഘദൂര മിസൈലുകള്‍ റഷ്യക്ക് എതിരെ ഉപയോഗിക്കരുതെന്ന് നാറ്റോയിലെ പ്രമുഖ സഖ്യകക്ഷികളായ ഇറ്റലിയും ജര്‍മ്മനിയും യുക്രെയിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ സമ്മര്‍ദ്ദം അവഗണിച്ചാണ് ഇത്തരമൊരു തീരുമാനം ഇരു രാജ്യങ്ങളും എടുത്തിരിക്കുന്നത്. ഫ്രാന്‍സും ഇതുവരെ അവരുടെ ദീര്‍ഘദൂര മിസൈല്‍ റഷ്യക്ക് എതിരെ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ജോ ബൈഡനെ സംബന്ധിച്ച് ഇത് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
Minnu Wilson
വീഡിയോ കാണാം