കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് ടീമായ ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ അനുമതിയില്ലാതെ എ.ആർ. റഹ്മാന്റെ സംഗീതം ഉപയോഗിച്ചുവെന്ന് ‘ആടുജീവിതം’ സിനിമയുടെ നിർമാതാക്കൾ. പൃത്വിരാജ് നായകനായ ആടുജീവിതത്തിൽ റഹ്മാൻ ഈണം നൽകിയ ‘ഹോപ്’ എന്ന പ്രൊമോ ഗാനം ‘കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിൻ്റെ പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നാണ് നിർമാതാക്കളായ വിഷ്വൽ റൊമാൻസിൻ്റെ പരാതി.
സംഭവത്തിനെതിരെ നിർമാതാക്കൾ നിലവിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതേസമയം യുകെ ആസ്ഥാനമായ ഒരു കമ്പനിക്ക് തങ്ങൾ ഗാനത്തിന്റെ അവകാശം കൈമാറിയിട്ടുണ്ടെങ്കിലും അത് എഡിറ്റ് ചെയ്യാനോ, റീമിക്സ് ചെയ്ത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനോ അനുമതി നൽകിയിട്ടില്ലെന്ന് ‘ആടുജീവിതം’ നിർമാതാക്കൾ പറയുന്നു.എന്നാൽ ’കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ടീമിൻ്റെ ഉടമയായ സുബാഷ് ജോർജിന്റെ കമ്പനിക്ക് തന്നെയാണ് വിഷ്വൽ റൊമാൻസ് ഗാനത്തിൻ്റെ അവകാശം കെെമാറിയത്. അതേസമയം ഗാനം ഉപയോഗിക്കാൻ അനുവാദമില്ലെന്ന് കാണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് വിഷ്വൽ റൊമാൻസ് നോട്ടീസ് അയച്ചിട്ടുണ്ട്.
Also Read: വാദം ഉള്ളവർക്ക് ഇവിടത്തെ നിയമസംവിധാനത്തെ സമീപിക്കാവുന്നതാണ്: ആഷിഖ് അബു
ഇറക്കിയത് മലയാളം പതിപ്പ്
തങ്ങളുടെ ഔദ്യോഗിക ഗാനം എന്ന നിലയിലാണ് ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ഹോപ് പുറത്തിറക്കിയത്. പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി ഭാഷകളില്‍ പുറത്തിറങ്ങിയ ആല്‍ബത്തിന്റെ മലയാളം പതിപ്പാണ് നിലവിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനമായി പുറത്തിറക്കിയത്. ഇതാദ്യമായാണ് മലയാളം പതിപ്പ് മാത്രമായി പുറത്തിറക്കുന്നത്. അതേസമയം ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് പതിപ്പുകള്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് ടീം ഉടമ സുഭാഷ് മാനുവല്‍ പറഞ്ഞിരുന്നു.
Also Read: ലഹരി ഉപയോഗം റിമയുടെ കരിയർ തകർത്തു; നടിക്കും ആഷിഖ് അബുവിനുമെതിരെ ഗായിക സുചിത്ര
ലോക ജനശ്രദ്ധയാകർഷിച്ച ആടുജീവിതത്തിലെ ഹോപ് എന്ന പ്രൊമോ ഗാനത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രതീക്ഷ എന്ന ആശയമാണ് ഗാനം പങ്കുവെയ്ക്കുന്നത്. ആടുജീവിതം സിനിമയിലെ ഏതാനും രംഗങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഗാനത്തിൽ എ.ആർ റഹ്മാനും അഭിനയിച്ചിട്ടുമുണ്ട്. ആലാപനവും എ.ആർ റഹ്മാൻ തന്നെയാണ് നിർവഹിച്ചിട്ടുള്ളത്.