CMDRF

മയക്കു മരുന്നിന്റെ ഹബ്ബായി മാറുന്ന കൊച്ചി, സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ ശക്തമാക്കിയില്ലങ്കില്‍ ദുരന്തമാകും!

മയക്കു മരുന്നിന്റെ ഹബ്ബായി മാറുന്ന കൊച്ചി, സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ ശക്തമാക്കിയില്ലങ്കില്‍ ദുരന്തമാകും!
മയക്കു മരുന്നിന്റെ ഹബ്ബായി മാറുന്ന കൊച്ചി, സര്‍ക്കാര്‍ ഏജന്‍സികള്‍ നടപടികള്‍ ശക്തമാക്കിയില്ലങ്കില്‍ ദുരന്തമാകും!

കൊച്ചിയുടെ കൗമാരവും യുവത്വവും ലഹരിയുടെ നീരാളി പിടിയില്‍ അമര്‍ന്നിരിക്കെ പോലീസ് എക്‌സൈസ് നടപടികള്‍ക്ക് ശക്തി കുറഞ്ഞു എന്ന് പരക്കെ ആക്ഷേപം. പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കൊച്ചിയില്‍ പോലീസ് ലഹരി സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. അന്ന് മട്ടാഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ ജിന്റല്‍ ഡോമിനിക്കിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരിയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ മുപ്പതോളം ലഹരി കേസുകളാണ് പിടികൂടിയത്. മറ്റ് സ്റ്റേഷനുകളിലും ലഹരിക്കെതിരെ നടപടി ഉണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതോടെ ലഹരി സംഘം വീണ്ടും ശക്തമാകുന്ന സാഹചര്യമാണുള്ളത്. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണര്‍ കെ ആര്‍ മനോജിന്റെ നേതൃത്വത്തില്‍ ഒരു ദിവസം ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നടപടികള്‍ തുടരുന്നുണ്ടെങ്കിലും നിരന്തര ജാഗ്രത വേണം എന്നാണ് ആവശ്യം. പോലീസും എക്‌സൈസും അവര്‍ക്ക് കഴിയുന്ന വിധത്തില്‍ ലഹരി മാഫിയകളെ നേരിടുന്നുണ്ടെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്. പുറത്തുനിന്ന് വ്യാപകമായ തോതിലാണ് കൊച്ചിയിലേക്ക് ലഹരി ഒഴുകുന്നത്.

കഞ്ചാവിന് പുറമെ പുതുതലമുറ ലഹരികളായ എംഡിഎംഎ, ഹെറോയിന്‍, ഹാഷിഷ് ഉള്‍പ്പെടെയുള്ള മരുന്നുകളും കൊച്ചിയില്‍ വിപുലമായ തോതില്‍ എത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. ബംഗളൂരു തമിഴ്‌നാട് മുംബൈ പോണ്ടിച്ചേരി ആസാം തുടങ്ങിയിടങ്ങളില്‍ നിന്നാണ് ലഹരി കൊച്ചിയിലും സമീപപ്രദേശങ്ങളിലും എത്തുന്നത്. ഇടുക്കിയില്‍ നിന്നും കഞ്ചാവും എത്തുന്നുണ്ട്. കുമ്പളങ്ങിയില്‍ ചീനവലകളിലും മറ്റും ജോലിയെടുക്കുന്ന വലിയ വിഭാഗം ഇതര സംസ്ഥാനക്കാരും ലഹരി ഉപയോഗിക്കുന്നവരും വില്‍പ്പന നടത്തുന്നവരും ആണ്. യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കും ലഹരി എത്തിച്ചു കൊടുക്കുന്നവരില്‍ ഇവര്‍ക്കും വലിയ പങ്കുണ്ടെന്നാണ് വിവരം.

ഇതര സംസ്ഥാനക്കാരുടെ കൃത്യമായ വിവരങ്ങള്‍ അധികൃതരുടെ കൈവശമില്ല എന്നതും ഇവര്‍ക്ക് ഗുണമായി മാറുകയാണ്. 14 മുതല്‍ 17 വരെയുള്ള കൗമാരക്കാരന്‍ ലക്ഷ്യം. ആദ്യം ഹാന്‍സ് പോലെയുള്ള പദാര്‍ത്ഥങ്ങളില്‍ തുടങ്ങി പിന്നീട് ലഹരി സംഘം സൗജന്യമായി നല്‍കുന്ന കഞ്ചാവ് ഉപയോഗിച്ച് തുടങ്ങുന്ന ഇവര്‍ കാലക്രമേണ ഇവയുടെ വില്‍പ്പനക്കാര്‍ ആയി മാറുന്ന സാഹചര്യമാണ്.

മുന്നില്‍ വന്നു വീഴുന്നവരെ പിടികൂടുകയെന്ന രീതിയാണ് കുറെ നാളുകളായി നടക്കുന്നത്. അതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരങ്ങളിലേക്ക് ലഹരി മാഫിയ പടര്‍ന്നു കയറി. മാഫിയയുടെ നീരാളി പിടുത്തത്തില്‍ അമര്‍ന്ന കൊച്ചിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്കുള്ള പാര്‍ട്ടികള്‍ ഇപ്പോഴേ അണിയറയില്‍ സജീവമായിരിക്കും. ലഹരി മാഫിയയുടെ ഇഷ്ട ലൊക്കേഷനായി മാറിയ കൊച്ചിയില്‍ പിടിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍. അതിനൊത്ത സങ്കേതങ്ങള്‍ ഒരുപാടുണ്ടെന്നതാണ് കൊച്ചിയെ ആകര്‍ഷകമാക്കുന്ന പ്രത്യേകത. വലിയ ഹോട്ടലുകളില്‍ അരങ്ങേറിയിരുന്ന റേവ് പാര്‍ട്ടികള്‍ ഇന്ന് ഫ്‌ളാറ്റുകളിലേക്ക് മാറി. ചുരുക്കം ചിലരില്‍ ഒതുങ്ങുന്ന ഈ പാര്‍ട്ടികളില്‍ ഉന്നതരുടെ സാന്നിദ്ധ്യവുമുണ്ട്. ന്യൂജെന്‍ ലഹരിയുടെ ഉന്മാദത്തില്‍ ഒരു രാത്രി കൊഴിഞ്ഞു വീഴുമ്പോള്‍ ലക്ഷങ്ങളുടെ ഇടപാടുകളാണ് പലയിടങ്ങളിലായി പൊടിപൊടിക്കുന്നത്.

നിരോധനവും ബോധവത്കരണവും ഒരു ഭാഗത്ത് നടക്കുമ്പോള്‍ മയക്കുമരുന്ന് ഉപയോഗവും അതുവഴിയുള്ള കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ടവരാണ് അടുത്തകാലത്തുണ്ടായ പ്രധാന ക്രിമിനല്‍ കേസുകളിലെ പ്രതികള്‍. മദ്യവും കഞ്ചാവും വഴിമാറിയതോടെ സിന്തറ്റിക് ലഹരി മരുന്നുകളാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. വിദേശ രാജ്യങ്ങളില്‍ നിന്ന് പല മാര്‍ഗങ്ങളിലൂടെ എത്തുന്ന ഇവയുടെ പ്രധാന വിപണന കേന്ദ്രമായി കേരളം മാറി.

കേരളത്തിലേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും ലഹരിമരുന്ന് വിപണിയുടെ കണ്ണികളാണ്. ഒരുകാലത്ത് വിദേശങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്നതിന്റെ ഇടത്താവളമായിരുന്ന കേരളം ഇന്ന് ലഹരിമരുന്ന് ഉപയോഗത്തിന്റെ ഹബ്ബായി മാറി. ആന്ധ്രയുടെ വടക്കന്‍ മേഖലകളില്‍ നിന്നും ഒഡിഷയില്‍ നിന്നുമൊക്കെയായി തമിഴ്നാട് വഴിയാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നത്. കേരളത്തിലേക്ക് ലഹരിമരുന്ന് എത്തുന്നതു തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ അന്താരാഷ്ട്ര ലഹരി മരുന്നു കടത്തു സംഘങ്ങളും ഭീകര പ്രവര്‍ത്തകരും തമ്മിലുള്ള ബന്ധം തിരിച്ചറിയാനാവാതെ പോകും. വന്‍തോതില്‍ ലഹരി മരുന്ന് എത്തുന്നതു തടയേണ്ടി വരുന്നത് പൊലീസ്, എക്സൈസ് വിഭാഗങ്ങള്‍ക്ക് അധികഭാരം നല്‍കുന്നുണ്ട്.

കേരളത്തില്‍ വന്‍തോതില്‍ ലഹരി മരുന്നുകള്‍ സ്ഥിരമായി പിടികൂടുന്നുണ്ട്. എന്നാല്‍ ഇതിന്റെ കണ്ണികള്‍ അന്യസംസ്ഥാനത്തേക്ക് വ്യാപിച്ചിരിക്കുന്നതിനാല്‍ പലപ്പോഴും അന്വേഷണവും വഴിമുട്ടുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസിന്റെ സഹായമില്ലാതെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കഴിയില്ല. ലഹരി ഉപയോഗത്തിനപ്പുറം ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗമായി മയക്കുമരുന്ന് കടത്ത് മാറുന്നത് രാജ്യസുരക്ഷയെയാണ് ബാധിക്കുക. ലഹരി മരുന്ന് ഉപയോഗിച്ചാല്‍ മദ്യത്തെപ്പോലെ വേഗത്തില്‍ കണ്ടെത്താനാകില്ലെന്നതാണ് പൊലീസിനെയും എക്സൈസിനെയും വലയ്ക്കുന്നത്. ഗുജറാത്ത് ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ ലഹരി മരുന്നുകളുടെ ഉപയോഗം തിരിച്ചറിയുന്ന കിറ്റുകളുണ്ട്. സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം ഈ കിറ്റിലൂടെ തിരിച്ചറിയാം. ഈ കിറ്റുകള്‍ കേരളത്തില്‍ പ്രചാരത്തിലെത്തിയിട്ടില്ല. പേരിന് മാത്രം ഏതാനും കിറ്റുകള്‍ അടുത്തകാലത്ത് എക്സൈസിന് ലഭ്യമായിട്ടുണ്ട്. മാരകമായ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് ക്വട്ടേഷന്‍ സംഘങ്ങളില്‍ ഭൂരിഭാഗവും.

ലഹരിമരുന്ന് പിടികൂടിയാല്‍ ശക്തമായ കുറ്റങ്ങള്‍ ചുമത്താന്‍ നിയമമുണ്ടെങ്കിലും അന്വേഷണങ്ങള്‍ കൃത്യമായ ഉറവിടങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് വാസ്തവം. ക്യാരിയര്‍മാരായിരിക്കും പ്രധാനമായി പിടിയിലാകുന്നത്. ഉറവിടം തേടിയുള്ള അന്വേഷണം പാതിവഴിയില്‍ നിലയ്ക്കുന്നതാണ് സമീപകാല കാഴ്ച. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും എത്തിയുള്ള അന്വേഷണങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. അതിനെ തരണം ചെയ്താല്‍ മാത്രമേ കേരളത്തിലേക്കുള്ള ലഹരി മരുന്നുകളുടെ ഒഴുക്ക് നിലയ്ക്കുകയുള്ളൂ. വിവിധ ഏജന്‍സികളുടെ സംയുക്ത ഓപ്പറേഷനുകളാണ് ഫലപ്രദമായ മാര്‍ഗം. നേരത്തെ സ്വര്‍ണക്കടത്ത് പിടികൂടാനുള്ള ഏജന്‍സികളുടെ സംയുക്ത ഓപ്പറേഷന്‍ വിജയം കണ്ടിരുന്നു. പൊലീസ്, എക്സൈസ്, കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, നര്‍ക്കോട്ടിക് സെല്‍ എന്നിവര്‍ സംയുക്തമായി അന്വേഷണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ലഹരി സംഘത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും രാത്രിയും പകലും വാഹന പരിശോധനയും ബോധവല്‍ക്കരണവും പിടിക്കപ്പെടുന്ന വാഹന ഉടമകളുടെ ലൈസന്‍സ് റദ്ധാക്കുന്ന നടപടി ഉള്‍പ്പെടെ വേണമെന്ന് ആണ് ആവശ്യം ഉയരുന്നത്. ഇത്തരം കേസുകളില്‍ കോ ഓര്‍ഡിനേഷന്റെ അഭാവമാണ് മുഖ്യപ്രതികളെ പിടികൂടാന്‍ തടസം. അവര്‍ പുതിയ കാരിയര്‍മാരെ കണ്ടെത്തി മയക്കുമരുന്ന് വിപണനം തുടര്‍ന്നു കൊണ്ടേയിരിക്കും.

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തില്‍ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന ഇത്തരം സാഹചര്യത്തില്‍, യുവാക്കളെയും വരും തലമുറയെയും ലഹരിയില്‍ നിന്നും രക്ഷിയ്ക്കുക എന്ന ദൗത്യം സമൂഹത്തിലെ ഓരോ പൗരന്റെയും കടമയായി മാറണം. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, വനിതകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മതസാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സിനിമ, സീരിയല്‍, സ്പോര്‍ട്സ് മേഖലയിലെ പ്രമുഖര്‍. മാധ്യമങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തികളെയും സംഘടനകളെയും പ്രസ്ഥാനങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കാമ്പെയ്‌നുകള്‍ നടത്തണം.

മറക്കരുത് ഒരു തലമുറയാണ് മാരകമായ രാസലഹരിയില്‍ എരിഞ്ഞുതീരുന്നത്. ഒരു ദേശത്തിന്റെ ഭാവിയാണ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയപ്പെടുന്നത്.

ഇത് കണ്ടില്ലെന്ന് നടിച്ചാല്‍ നാളെ നമ്മുടെ മക്കളും ഇരകളായേക്കാം

STAFF REPORTER

Top