കൊടകര കുഴല്‍പ്പണ ഇടപാട്; പൊതുതാല്‍പര്യ ഹര്‍ജിയുമായി ആം ആദ്മി

കൊടകര കുഴല്‍പ്പണ ഇടപാട്; പൊതുതാല്‍പര്യ ഹര്‍ജിയുമായി ആം ആദ്മി
കൊടകര കുഴല്‍പ്പണ ഇടപാട്; പൊതുതാല്‍പര്യ ഹര്‍ജിയുമായി ആം ആദ്മി

കൊച്ചി: കൊടകര കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജിയുമായി ആം ആദ്മി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 3.5 കോടി രൂപ കര്‍ണാടകയില്‍നിന്ന് ബിജെപിക്കു വേണ്ടി കേരളത്തില്‍ എത്തിയെന്നും എന്നാല്‍ 3 വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ആരോപിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഈ മാസം 14ന് പരിഗണിക്കും.

തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ വച്ച് 2021 ഏപ്രില്‍ 3ന് കാറില്‍ കൊണ്ടുവരികയായിരുന്ന 25 ലക്ഷം രൂപ കൊള്ളയടിക്കപ്പെട്ടത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളും അരങ്ങേറി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ഒട്ടേറെ ആര്‍എസ്എസ്, ബിജെപി നേതാക്കളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന നിലപാടാണ് സുരേന്ദ്രന്‍ ആവര്‍ത്തിച്ചിട്ടുള്ളത്. കേസില്‍ സുരേന്ദ്രനെ സാക്ഷിയായി ഉള്‍പ്പെടുത്തിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

മൂന്നര കോടി രൂപയാണ് അന്ന് കൊള്ളയടിക്കപ്പെട്ടതെന്നും ഈ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഇത്തരത്തിലുള്ള പണം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പിന്റെ സാധുതയെ തന്നെ ഇല്ലാതാക്കും. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ യുഎപിഎ വകുപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുത്തണം. ഇതുവരെ ശരിയായ ദിശയിലല്ല അന്വേഷണം നടന്നിട്ടുള്ളത്. കുഴല്‍പ്പണ ഇടപാടിനെ കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണം. ഇക്കാര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാനും സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

Top