സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. സമരതീഷ്ണവും സംഭവ ബഹുലവുമായ കോടിയേരിയുടെ ജീവിതത്തിന് ജനകോടികളുടെ മനസ്സില്‍ മരണമില്ല. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും വെല്ലുവിളികളുടെ കാലങ്ങളെ അചഞ്ചലമായി നേരിട്ട ജനനായകനാണ് കോടിയേരി.
കര്‍ക്കശ്യങ്ങളുടെ ഭാരമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ നയതന്ത്രജ്ഞതയുടെയും, സമവായത്തിന്റെയും കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി. കോടിയേരിയുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇനിയും മറികടക്കാന്‍ കുടുംബത്തിന് മാത്രമല്ല സിപിഐഎമ്മിനും ആയിട്ടില്ല. ഏത് ഘട്ടത്തിലും കോടിയേരിയുടെ വിടവ് നികത്താനാകാത്തതാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ വിനോദിനിയും മക്കളായ ബിനീഷും ബിനോയിയും പറഞ്ഞു.
കോടിയേരിയുടെ സ്മരണ പുതുക്കാന്‍ സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ 8.30ന് പുഷ്പാര്‍ച്ചന നടന്നു. പകല്‍ 11.30ന് കോടിയേരി മുളിയില്‍ നടയിലെ വീട്ടില്‍ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയന്‍ അനാച്ഛാദനംചെയ്യും. വൈകിട്ട് 4.30ന് മുളിയില്‍നടയില്‍ പൊതുസമ്മേളനം ബൃന്ദ കാരാട്ട് ഉദ്ഘാടനംചെയ്യും.