കനത്ത മഴയില്‍ കൊല്‍ക്കത്ത: വിമാനത്താവളത്തിന്റെ റണ്‍വേയിൽ വെള്ളക്കെട്ട്

കനത്ത മഴയില്‍ കൊല്‍ക്കത്ത: വിമാനത്താവളത്തിന്റെ റണ്‍വേയിൽ വെള്ളക്കെട്ട്
കനത്ത മഴയില്‍ കൊല്‍ക്കത്ത: വിമാനത്താവളത്തിന്റെ റണ്‍വേയിൽ വെള്ളക്കെട്ട്

കനത്ത മഴയിൽ വലഞ്ഞ് കൊൽക്കത്ത. ഇടതോരാതെ പെയ്യുന്ന മഴയിൽ വെള്ളക്കെട്ടുകളടക്കം ന​ഗരത്തിൽ രൂപപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയിൽ മഴമൂലം വെള്ളക്കെട്ടുണ്ടായി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്.

പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ടെങ്കിലും ​ഗതാ​ഗതത്തിന് വലിയ തടസ്സങ്ങളില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നഗരത്തിൻ്റെ ചില ഭാഗങ്ങളിൽ ഏഴ് സെൻ്റീമീറ്റർ വരെ മഴ ലഭിച്ചു. കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷം. ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവന്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയിലും 30.1 ഡിഗ്രി സെല്‍ഷ്യസാണ് കൊല്‍ക്കത്തയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയ കൂടിയ താപനില. സാധാരണ ദിവസങ്ങളിലെ താപനിലയേക്കാള്‍ 2.4 ഡിഗ്രി മാത്രം കുറവാണ് ഇത്. 26 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. സാധാരണനിലയിലുള്ളതിനെക്കാള്‍ 0.6 ഡിഗ്രി മാത്രം കുറവാണ് ഇത്.

Top