ഡൽഹി: കൊല്‍ക്കത്ത ബലാത്സംഗ കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രധാമന്ത്രിക്ക് കത്തയച്ച് ഐഎംഎ. ആശുപത്രികളില്‍ സുരക്ഷാ കര്‍ശനമാക്കണമെന്നും സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റം വേണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങളാണ് കത്തിലുള്ളത്.
നാല് ആവശ്യങ്ങളാണ് ഐഎംഎ അയച്ച കത്തിലുള്ളത്. ആശുപത്രികളില്‍ വിമാനത്താവളങ്ങള്‍ക്ക് സമാനമായ സുരക്ഷയൊരുക്കണമെന്നതാണ് ആദ്യത്തെ ആവശ്യം. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാ പ്രോട്ടോകോളുകളില്‍ മാറ്റം വേണമെന്നതാണ് മറ്റൊരു ആവശ്യം. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും കേസില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിലുണ്ട്.
2012ലാണ് ഡൽഹിയിൽ രാജ്യത്തെ നടുക്കിയ നിര്‍ഭയ കൊലപാതകം അരങ്ങേറിയത്. അതിന് സമാനമായിരുന്നു കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകവും. സംഭവത്തില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ എല്ലവരും സമരത്തിലാണ്. അതിനിടെ പ്രതിഷേധിക്കുന്ന ഡോക്ടര്‍മാരോട് തിരികെ ജോലിക്ക് കയറാന്‍ കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി പുതിയ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ഉറപ്പ് നല്‍കിയ ശേഷമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന.